ബിജെപിയുടെ കപ്പല്‍ മുങ്ങാറായതോടെയാണ് പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തിരിക്കുന്നത്; സ്റ്റാലിന്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബിജെപിയുടെ കപ്പല്‍ മുങ്ങാറായതോടെയാണ് പൂട്ടി വച്ചിരുന്ന സിഎഎ പുറത്തെടുത്തിരിക്കുന്നത്. ഇന്ത്യ ബിജെപിയോട് ഒരിക്കലും ക്ഷമിക്കില്ലെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.കേന്ദ്രത്തിന്റെ വിഭജന അജണ്ട സിഎഎയെ ആയുധവത്കരിച്ചു. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന മനുഷ്യത്വത്തിന്റെ പ്രതീകമാകുന്നതിന് പകരം നിയമം മുസ്‌ലിംഗളോടും ശ്രീലങ്കന്‍ തമിഴരോടും വിവേചനം കാട്ടുന്നു.

പ്രധാനമന്ത്രിയുടേത് പൊള്ളയായ വാഗ്ദാനങ്ങളാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതിന്റെ സ്‌നേഹമാണ് നരേന്ദ്രമോദി കാണിക്കുന്നത്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളെയും തുല്യമായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളെ തകര്‍ത്ത്, നമ്മുടെ ഭാഷയെയും പാരമ്പര്യത്തെയും വംശത്തെയും നശിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.

അതിനിടെ തമിഴ്‌നാട്ടില്‍ നിയമം നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് തമിഴക വെട്രിക് കഴകം നേതാവ് വിജയ് ആവശ്യപ്പെട്ടു. വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണ് സിഐഎ. ജനങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്ന നാട്ടില്‍ ഇത് അനുവദിച്ചു കൂടായെന്നും വിജയ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Top