തമിഴ്നാട് : ചൈനീസ് ഭാഷയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പിറന്നാളാശംസകളുമായി ബി.ജെ.പി. ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് ചൈനീസ് ഭാഷയായ മാന്‍ഡറിനില്‍ എം.കെ സ്റ്റാലിന് ആശംസ അറിയിച്ചത്. സ്റ്റാലിന്റെ ഇഷ്ടഭാഷയില്‍ ആശംസയെന്നാണ് പരിഹാസം. ഇസ്രോയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാക്കിയ പരസ്യത്തില്‍ ചൈനീസ് പതാക ഉള്‍പ്പെട്ടതിനുപിന്നാലെയാണ് സ്റ്റാലിന്റെ പിറന്നാളിന് ബിജെപി ചൈനീസ് ഭാഷയായ മാന്‍ഡരിനില്‍ ആശംസകളര്‍പ്പിച്ചത്.
‘സ്റ്റാലിന്റെ ഇഷ്ട ഭാഷയില്‍ അദ്ദേഹത്തിന് ആശംസകളറിയിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബി.ജെ.പി. തമിഴ്‌നാടിന്റെ എക്‌സ് പ്ലാറ്റ്‌ഫോം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചൈനീസ് പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഐ.എസ്.ആര്‍.ഒ.യുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യം പുറത്തുവിട്ട തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രംഗത്തെത്തിയിരുന്നു. കുലശേഖരപട്ടണത്തില്‍ പുതുതായി തുടങ്ങുന്ന ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനു മുന്നോടിയായി ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണനായിരുന്നു പരസ്യം പുറത്തുവിട്ടത്.