നീറ്റ് പരീക്ഷയ്‌ക്കെതിരായ ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി

ചെന്നൈ: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷ (നീറ്റ്) പരീക്ഷയ്‌ക്കെതിരായ ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. ശബ്ദവോട്ടിലൂടെ ഐകകണ്‌ഠേനയാണ് ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കിയത്. പ്രതിപക്ഷ പാര്‍ട്ടികളായ എഐഎഡിഎംകെയും പിഎംകെയും ഉള്‍പ്പെടെ സര്‍ക്കാര്‍ നീക്കത്തിന് പിന്തുണ നല്‍കി.

ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തായിരുന്നു പ്രവേശന പരീക്ഷയ്‌ക്കെതിരായ നീറ്റ് വിരുദ്ധ ബില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയത്.

ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ കൊത്തിവെക്കപ്പെടേണ്ട ദിനം എന്നായിരുന്നു ബില്‍ പാസാക്കിയതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നടത്തിയ പ്രതികരണം. നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെടുന്ന ബില്‍ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് ഉടന്‍ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

2011 മുതല്‍ ഏഴാം തവണയാണ് ബില്‍ പാസാക്കുന്നതിനായി തമിഴ്‌നാട് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുന്നത്. പ്രത്യേക സമ്മേളനം ആരംഭിച്ചയുടന്‍, ബില്‍ പാസാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ബി.ജെ.പി നേതാക്കള്‍ നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തുകയും ചെയ്തു.

നീറ്റ് ഒരു പരീക്ഷയല്ലെന്നും ബലിപീഠമാണെന്നുമായിരുന്നു നിയമസഭയെ അഭിസംബോധന ചെയ്ത് എം.കെ സ്റ്റാലിന്‍ നടത്തിയ പ്രതികരണം. നീറ്റ് എന്ന സംവിധാനം വിദ്യാര്‍ഥികളെ സെമിത്തേരിയിലേക്കും ജയിലിലേക്കും അയക്കുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുകയാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ അവകാശം നേടിയെടുക്കാനും ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കാനും സംസ്ഥാന നിയമസഭയുടെ അവകാശം സംരക്ഷിക്കാനുമാണ് തമിഴ്‌നാട് നിയമസഭയുടെ ഇടപെടലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top