തമിഴ് സംവിധായകനും നടനുമായ ഇ രാമദോസ് അന്തരിച്ചു

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഇദ്ദേഹത്തിന്റെ മകൻ കലൈ സെൽവൻ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

ചെന്നൈ കെകെ റോഡില്‍ വസതിയില്‍ രാവിലെ മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. സിനിമ രംഗത്തെ പ്രമുഖര്‍ വസതിയില്‍ എത്തി ആദരവ് അര്‍പ്പിച്ചു. വൈകീട്ട് അഞ്ചുമണിക്ക് ശേഷം സംസ്കാരം നടന്നു. വിഴുപ്പുരത്ത് ജനിച്ച ഇദ്ദേഹം ചെറുപ്പത്തില്‍ തന്നെ സിനിമയോടുള്ള ആഗ്രഹത്തില്‍ ചെന്നൈയില്‍ എത്തി. ആദ്യകാലത്ത് രചിതാവായി ശ്രദ്ധിക്കപ്പെട്ട ഇദ്ദേഹം പിന്നീട് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.

“രാജ രാജ താൻ”, “സ്വയംവരം” തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഇ രാമദോസ് സംവിധാനം ചെയ്തിട്ടുണ്ട്. യുദ്ധം സെയ്, കാക്കി സട്ടൈ, ധർമ്മ ദുരൈ, വിക്രം വേദ, മാരി2, എന്നിവയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിസാരണെ എന്ന ചിത്രത്തിലെ ഇദ്ദേഹത്തിന്റെ റോള്‍ ശ്രദ്ധേയമായിരുന്നു.

രാമദോസിന്റെ വിയോഗത്തിൽ ചലച്ചിത്ര സംവിധായകൻ കെ ഭാരതിരാജ അനുശോചനം രേഖപ്പെടുത്തി. ജീവ പ്രധാന വേഷത്തിൽ അഭിനയിച്ച വരലാരു മുക്കിയം എന്ന ചിത്രത്തിലാണ് ഇ രാമദോസ് അവസാനമായി അഭിനയിച്ചത്.

Top