പ്രേമം റീറിലീസ് ആഘോഷമാക്കി തമിഴ് പ്രേക്ഷകർ

2015ൽ ‘പ്രേമം’ കേരളത്തിൽ മാത്രമല്ല അങ്ങ് തമിഴ്‌നാട്ടിലും തരംഗമായിരുന്നു. നിവിൻ പോളി, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ എന്നിവരെ അണിനിരത്തി അൽഫോൺസ് പുത്രൻ സംവിധാനം നിർവഹിച്ച പ്രേമം സൗത്ത് ഇന്ത്യ ഒട്ടാകെ ട്രെൻഡ്സെറ്ററായി മാറിയിരുന്നു. വാലന്റൈൻ മാസത്തോട് അനുബന്ധിച്ച് തമിഴ്നാട്ടിൽ പ്രേമം റീറിലീസ് ചെയ്തിരിക്കുകയാണ്.

നിരവധി തിയേറ്ററുകളിലായി വൻ രീതിയിലാണ് ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. കൊട്ടും പാട്ടും ആരവവുമായി ആഘോഷമായിട്ട് തന്നെയാണ് പ്രേക്ഷകർ ചിത്രത്തെ വരവേറ്റിരിക്കുന്നത്. പ്രണയ ചിത്രങ്ങളുടെ ലിസ്റ്റിൽ എന്നും ഇടം പിടിച്ചിരിക്കുന്ന ചിത്രം റീറിലീസിന് എത്തിയപ്പോൾ തിയേറ്ററുകാരും വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.

2016ലും 2017ലും പ്രേമം തമിഴ്നാട്ടില്‍ റീ-റിലീസ് ചെയ്തിരുന്നു. 200 ദിവസങ്ങളിലേറെയാണ് ചെന്നൈയിലെ ഒരു തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചത്. പ്രേമം തമിഴിൽ റീമേക്ക് ചെയ്യരുതെന്നും ‘ഒറിജിനലിനെ’ അത്രമാത്രം സ്നേഹിക്കുന്നുവെന്നുമാണ് ആരാധകരുടെ അഭിപ്രായം. നാല് കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 73 കോടി രൂപ നേടി എന്നാണ് റിപ്പോർട്ടുകൾ.

Top