അജിത്ത് നായകനായ ചിത്രം ‘വലിമൈ’ തമിഴ്, ഹിന്ദി പതിപ്പുകള്‍ വെട്ടിച്ചുരുക്കി

ജിത്ത് നായകനായ ചിത്രം ‘വലിമൈ’ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച ഓപ്പണിങ് ആണ് സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യത്തെക്കുറിച്ച് പ്രേക്ഷകരില്‍ നിന്നും വലിയ തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വലിമൈയുടെ ദൈര്‍ഘ്യം ചുരുക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

തമിഴ്, ഹിന്ദി പതിപ്പുകളുടെ ദൈര്‍ഘ്യമാണ് കുറച്ചിരിക്കുന്നത്. വലിമൈയുടെ ആകെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 58 മിനിറ്റുകളാണ്. തമിഴ് പതിപ്പില്‍ നിന്നും 12 മിനിറ്റാണ് കുറച്ചിരിക്കുന്നത്. ഹിന്ദി പതിപ്പില്‍ നിന്ന് 15 മിനിറ്റ് വരുന്ന രംഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ഹിന്ദി പതിപ്പില്‍ നിന്ന് അജിത്തിന്റെ ഇന്‍ട്രൊഡക്ഷന് ശേഷമുള്ള ഗാനവും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ ഹിന്ദി പതിപ്പിന്റെ ആകെ ദൈര്‍ഘ്യം 18 മിനിറ്റ് കുറഞ്ഞു. പുതിയ പതിപ്പുകള്‍ ഇന്നലെ വൈകിട്ട് മുതല്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുമുണ്ട്.

നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ എന്ന പൊലീസ് ഓഫീസറുടെ റോളിലാണ് അജിത് കുമാര്‍ എത്തുന്നത്. ചെന്നൈ നഗരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും അതിനൊരു അറുതി വരുത്താനുള്ള പൊലീസിന്റെ ശ്രമങ്ങളുമാണ് സിനിമ പറയുന്നത്.

Top