ഡബ്ബ് ചെയ്യുന്നതിനിടയില്‍ ഹൃദയാഘാതം; തമിഴ് നടന്‍ മാരിമുത്തു അന്തരിച്ചു

പ്രശസ്ത തമിഴ് സിനിമാ-സീരിയല്‍ നടന്‍ മാരിമുത്തു (58) അന്തരിച്ചു. ടെലിവിഷന്‍ സീരിയലായ എതിര്‍നീച്ചലിന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്തിന്റെ ജയിലറാണ് മാരിമുത്തുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

തമിഴ് സിനിമയിലും തന്റേതായ സ്ഥാനം നേടിയെടുത്ത മാരിമുത്തു കഴിഞ്ഞ വര്‍ഷം സീരിയലുകളിലൂെട മിനി സ്‌ക്രീനിലും ശക്തമായ സാന്നിധ്യം അറിയിച്ചു. രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്.

2008-ല്‍ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014-ല്‍ പുലിവാല്‍ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാജ് കിരണിന്റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എന്റസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. ആദ്യ കാലത്ത് മണിരത്‌നം, വസന്ത്, സീമാന്‍, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്.1999ല്‍ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തില്‍ മാരിമുത്തു അഭിനയിക്കുന്നതിനിടയിലാണ് അപ്രതീക്ഷതമായ ഈ വിടവാങ്ങല്‍.

Top