ഹിന്ദി ഭാഷാ വിവാദം ചുട്ടുപൊള്ളുന്ന തമിഴകം; തമിഴിനെ പുകഴ്ത്തി മോദി

ചെന്നൈ: അമിത് ഷായുടെ ഹിന്ദി ഭാഷാ വിവാദം കത്തി പടരുമ്പോള്‍ തമിഴ് ഭാഷയെ പുകഴ്ത്തി പ്രാധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷകളിലൊന്നാണ് തമിഴെന്ന് താന്‍ ലോകത്തോടു പറഞ്ഞുവെന്നും, അതോടെ തമിഴ് എന്ന ഭാഷ അമേരിക്കയില്‍ വലിയ ചര്‍ച്ചാവിഷയം ആയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ചെന്നൈ വിമാനത്താവളത്തില്‍വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

‘അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ഞാന്‍ തമിഴില്‍ സംസാരിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷകളിലൊന്നാണ് തമിഴ് എന്ന് ഞാന്‍ ലോകത്തോടു പറഞ്ഞു. അതോടെ തമിഴ് ഭാഷ അമേരിക്കയില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്’,-മോദി പറഞ്ഞു.

മദ്രാസ് ഐഐടിയുടെ 56-ാമത് വാര്‍ഷിക ബിരുദദാന ചടങ്ങില്‍ മോദി പങ്കെടുത്തു. സിംഗപ്പൂര്‍-ഇന്ത്യ ‘ഹാക്കത്തണ്‍-2019’ പരിപാടിയിലും മോദി പങ്കെടുത്തിരുന്നു.

രണ്ടാംവട്ടം അധികാരത്തിലേറിയ ശേഷം ആദ്യമായാണ് തമിഴ്നാട്ടില്‍ വരുന്നതെന്നും തമിഴ്നാട്ടില്‍ തനിക്കു ലഭിച്ച ഊഷ്മള സ്വീകരണത്തില്‍ വളരെ നന്ദിയുണ്ടെന്നും മോദി ഐഐടിയില്‍ സംസാരിക്കവെ പറഞ്ഞു. തമിഴ്‌നാട്ടില്‍ രണ്ട് മണ്ഡലങ്ങള്‍ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് മോദിയുടെ തമിഴ് ഭാഷയെ പ്രകീര്‍ത്തിച്ചുള്ള പ്രസ്താവന എന്നതാണ് ശ്രദ്ധേയം.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രി ചെന്നൈയില്‍ എത്തിയത്. സിംഗപുര്‍-ഇന്ത്യ ഹാക്കത്തോണും മദ്രാസ് ഐഐടിയില്‍ നടക്കുന്നുണ്ട്.

ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ സംസാരിക്കവെ മോദി സംഘകാല കവി കനിയന്‍ പൂകുണ്ട്രനാരുടെ വരികള്‍ ഉദ്ധരിച്ച് സംസാരിച്ചിരുന്നു.

Top