കോവിഡ് ദിനങ്ങളെ ഓർത്തെടുത്ത്, ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞ് തമന്ന

തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് രണ്ടാഴ്ച മുൻപാണ്. ആദ്യം ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്കും മാറിയിരുന്നു. രോഗബാധയെത്തുടർന്ന് താൻ വളരെയധികം അവശയായിരുന്നെന്നും ആരോഗ്യ സ്ഥിതി തിരികെയാക്കിത്തന്ന ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോട് തനിക്ക് വളരെയധികം നന്ദിയുള്ളതായും തമന്ന പറഞ്ഞു.

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തമന്ന നന്ദി അറിയിച്ചത്. “കോണ്ടിനെന്റൽ ഹോസ്പിറ്റൽസിലെ ഡോക്ടർമാർ, നഴ്സുമാർ, സ്റ്റാഫ് എന്നിവരോട് എനിക്ക് എത്രത്തോളം നന്ദി പറയാനുണ്ടെന്നത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. ഞാൻ തീർത്തും രോഗിയായിരുന്നു, ദുർബലയായി മാറിയിരുന്നു, ഭയപ്പെട്ടിരിക്കുകയായിരുന്നു, പക്ഷേ ഞാൻ സുഖകരമായിരിക്കണമെന്നും മികച്ച രീതിയിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നും നിങ്ങൾ ഉറപ്പുവരുത്തി. ദയയും ആത്മാർത്ഥമായ കരുതലും ശ്രദ്ധയും എല്ലാം നല്ലതാക്കി മാറ്റി,” തമന്ന കുറിച്ചു.

നേരത്തേ ബോളിവുഡിൽ ഉൾപ്പെടെ നിരവധി സിനിമ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, അർജുൻ കപൂർ, മലൈക അറോറ എന്നിവർക്കും കോവിഡ് പോസിറ്റീവായിരുന്നു. തമിഴ് സിനിമ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Top