തല്ലിപൊളിയാകാതെ ‘തല്ലുമാല’: തിയേറ്ററുകളില്‍ ഗംഭീര നിറഞ്ഞാട്ടം

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തല്ലുമാല’യ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രം പ്രതീക്ഷ കാത്തു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ടൊവിനോയുടെയും ഷൈന്‍ ടോം ചാക്കോയുടെയും പ്രകടനവുമാണ് എടുത്തുപറയേണ്ടത്. എന്തിനും ഏതിനും തല്ലിലൂടെ പരിഹാരം കാണുന്ന യുവാക്കളെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. തല്ലുകൂടി കമ്പനിയായവരെ ഒപ്പം കൂട്ടി നടക്കുന്നയാളാണ് വസീം. തല്ല് കഥ തല്ലിപ്പൊളിയാകാതെ നോക്കാന്‍ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ മനോഹരമായി ശ്രമിച്ചിട്ടുണ്ട്. തല്ല് ഹരമാക്കിയ മണവാളന്‍ വസീമായി ടൊവിനോ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ കട്ടയ്ക്ക് നില്‍ക്കുന്ന എസ്.ഐ റെജി മാത്യുവായി ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ ഉടനീളം നിറയുന്നു.

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധേയനായ അദ്രി ജോ, സ്വാതി ദാസ് പ്രഭു, ലുക്മാന്‍ അവറാന്‍, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ സിനിമയിലെ അതിഥിവേഷം ചെയ്ത് ശ്രദ്ധ നേടിയ അസിസ്റ്റന്റ് ഡയറക്ടര്‍ ഓസ്റ്റിന്‍ എന്നിവരാണ് വസീമിന്റെ സൗഹൃദ സംഘത്തിലുള്ളത്. ജോണി ആന്റണി, നീന കുറുപ്പ്, ബിനു പപ്പു തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. അടിയ്ക്കടി അടി രംഗങ്ങള്‍ കോര്‍ത്തിണക്കുമ്പോഴും ആക്ഷന്‍ കൊറിയോഗ്രഫിയ്ക്ക് ഒപ്പം എടുത്തുപറയേണ്ട ഒന്നാണ് പശ്ചാത്തല സംഗീതം. ഇത് തന്നെയാണ് സിനിമയിലേയ്ക്ക് പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും.

വസീമിന്റെ കാമുകി ബീപാത്തുവായാണ് കല്യാണി എത്തുന്നത്. വണ്‍ മില്യണ്‍ ഫോളോവേഴ്സുമായി ഹിറ്റായ സോഷ്യല്‍ മീഡിയ സെന്‍സേഷനാണ് ഗള്‍ഫ് മലയാളിയായ ബീപാത്തു എന്ന ഫാത്തിമ ബീവി. വസീമിന്റെയും ബീപാത്തുവിന്റെയും പ്രണയവും വിവാഹദിനവും വരെയുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ബീപാത്തുവിന് അധികം സ്‌ക്രീന്‍ സ്‌പേസ് ഇല്ലെങ്കിലും ടൊവിനോ-കല്യാണി കെമിസ്ട്രി വര്‍ക്ക് ഔട്ടായെന്ന് നിസംശയം പറയാം. സ്റ്റൈലിഷ് സിനിമയുടെ എല്ലാ ചേരുവകളും സമമായി ചേര്‍ത്തിരിക്കുന്ന പക്കാ യൂത്തിനെ ലക്ഷ്യംവെച്ച് അണിയിച്ചൊരുക്കിയ ഒരു കളര്‍ഫുള്‍ പടമാണ് ‘തല്ലുമാല’. സിനിമയുടെ പേരിന് യാതൊരു പേരുദേഷവും വരുത്താത്ത രീതിയില്‍ ഗംഭീരമായി അണിയിച്ചൊരുക്കിയ എന്റര്‍ടെയ്‌നറാണ് ഇതെന്ന് നിസംശയം പറയാം.

Top