അഫ്ഗാനിസ്ഥാന് മേലുള്ള പാകിസ്ഥാന്റെ അധിനിവേശം വെച്ചുപൊറുപ്പിക്കില്ലെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാന് മേലുള്ള അധിനിവേശം വെച്ചുപൊറുപ്പിക്കില്ലെന്ന് താലിബാൻ. കഴിഞ്ഞ ദിവസം പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു താലിബാൻ. അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അഫ്ഗാനിസ്ഥാൻ ആക്ടിംഗ് പ്രതിരോധ മന്ത്രി പറഞ്ഞു.

ഞങ്ങൾ ലോകത്തിൽ നിന്നും അയൽക്കാരിൽ നിന്നും വെല്ലുവിളികൾ നേരിടുകയാണ്. കുനാറിൽ പാകിസ്ഥാൻ നടത്തിയ അധിനിവേശം ഉദാഹരണമാണ്. അഫ്ഗാന് മേലുള്ള അധിനിവേശം സഹിക്കില്ല. കഴിഞ്ഞ തവണത്തെ സംഭവം ദേശീയ താൽപ്പര്യം മുൻനിർത്തി ഞങ്ങൾ സഹിച്ചു. ഇനി അതുണ്ടാകില്ല പ്രതിരോധമന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പറഞ്ഞു. താലിബാൻ സ്ഥാപകനായ മുല്ല മുഹമ്മദ് ഒമറിന്റെ ചരമവാർഷികത്തിൽ കാബൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താലിബാൻ മന്ത്രി.

കഴിഞ്ഞ ദിവസമാണ് കുനാർ, ഖോസ്റ്റ് പ്രവിശ്യകളിൽ പാകിസ്ഥാൻ മിന്നലാക്രമണം നടത്തിയത്. 30ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആക്രമണം നടത്തിയതായി ഇതുവരെ പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും സഹോദര രാജ്യങ്ങളാണെന്നാണ് പാകിസ്ഥാന്റെ നിലപാട്.

Top