അഫ്ഗാന്‍ പൗരന്മാര്‍ രാജ്യം വിടരുതെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാന്‍ പൗരന്മാര്‍ക്ക് വിമാനത്താവളത്തിലേക്ക് പോകാന്‍ അനുമതിയില്ലെന്ന് താലിബാന്‍ വക്താവിന്റെ നിര്‍ദേശം. അഫ്ഗാന്‍ പൗരന്മാര്‍ നാടുവിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ അടക്കമുളള പ്രഫഷണലുകളെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകരുതെന്നും താലിബാന്‍ അന്ത്യശാസനം നല്‍കി. അഫ്ഗാന്‍ പൗരന്മാരെ രാജ്യത്ത് നിന്നും ഒഴിപ്പിക്കുന്ന നയത്തില്‍ നിന്നും യുഎസ് പിന്മാറണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു.

കാബൂള്‍ വിമാനത്താവളത്തില്‍ ആളുകള്‍ സംഘം ചേരുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണിതെന്നാണ് താലിബാന്‍ വാദം. വിദേശികള്‍ക്കു മാത്രമേ ഇനി വിമാനത്താവളത്തിലേക്ക് പോകാനാകൂവെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനില്‍ ജനജീവിതം സാധാരണനിലയിലേക്ക് തിരികെ വരികയാണെന്ന് അവകാശപ്പെട്ട മുജാഹിദ്, കാബൂള്‍ വിമാനത്താവളത്തിലെ തിരക്കും ബഹളവും ഒരു പ്രശ്‌നമായി അവശേഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഎസിന്റെ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 31നകം തന്നെ പൂര്‍ത്തിയാക്കണമെന്നും, കൂടുതല്‍ സമയം ഇതിനായി അനുവദിക്കില്ലെന്നും താലിബാന്‍ അറിയിച്ചു. പാഞ്ച്ശിറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മുജാഹിദ് കൂട്ടിച്ചേര്‍ത്തു.

Top