Taliban-type offensive against schools in Jammu – Kashmir

ശ്രീനഗര്‍: കശ്മീരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ താലിബാന്‍ മോഡല്‍ ആക്രമണം വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്.
പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും പതിവുള്ള രീതിയിലാണ് കശ്മീരിലെ സ്‌കൂളുകള്‍ക്കുനേരെയും ഭീകരര്‍ ആക്രമണം നടത്തുന്നത്.

സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന ഭീകരര്‍, കുറേനാളത്തേക്ക് സ്‌കൂളുകള്‍ അടഞ്ഞുകിടക്കുമെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പിന്മാറുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ, 17 സര്‍ക്കാര്‍ സ്‌കൂളുകളും മൂന്ന് സ്വകാര്യ സ്‌കൂളുകളും ഇത്തരത്തില്‍ ഭീകരര്‍ ലക്ഷ്യമിട്ടതായാണ് ഔദ്യോഗിക കണക്ക്.

ഇതിനിടെ, പാക് പിന്തുണയുള്ള സംഘങ്ങള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച താഴ്‌വരയിലെ രണ്ടു സ്‌കൂളുകള്‍ കൂടി അഗ്‌നിക്കിരയാക്കി.

ശ്രീനഗറിനടുത്ത് നൂര്‍ബാഗിലെ സ്‌കൂളും ആനന്ദ്‌നാഗ് ജില്ലയിലെ ഐഷ്മുഖാമിലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് ഇവര്‍ അഗ്‌നിക്കിരയാക്കിയത്. മൂന്നു മാസത്തിലധികമായി ക്ലാസുകള്‍ മുടങ്ങിയതോടെ, വിദ്യാഭ്യാസത്തിനായി മക്കളെയെല്ലാം ജമ്മുവിലേക്കും ഡല്‍ഹിയിലേക്കും അയയ്ക്കുകയാണ് കശ്മീരി മാതാപിതാക്കള്‍.

കശ്മീരിലെ വിഘടനവാദി നേതാക്കളും ഭീകര സംഘടനകളും കശ്മീരിലെ സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കുന്നതായും പരാതിയുണ്ട്.

കശ്മീര്‍ താഴ്‌വരയിലെ സ്‌കൂളുകളും കോളജുകളും വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ ഭീകര സംഘടനയായ ലഷ്‌കറെ തായിബ, ജമ്മു കശ്മീര്‍ വിദ്യാഭ്യാസമന്ത്രി നയീം അക്തറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ശരിയേത്, തെറ്റേത് എന്ന് തിരിച്ചറിയാന്‍ പാകത്തിലുള്ള വിദ്യാഭ്യാസം കശ്മീരികള്‍ക്ക് ലഭിച്ചു കഴിഞ്ഞതായും വീണ്ടും സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്നുമായിരുന്നു ലഷ്‌കറെ ഭീകരന്‍ മെഹ്മൂദ് ഷായുടെ നിര്‍ദ്ദേശം. സ്‌കൂളുകള്‍ തുറക്കാന്‍ ശ്രമിച്ചാല്‍ മന്ത്രിക്കെതിരെ വേണ്ടത് ചെയ്യുമെന്ന ഭീഷണിയും അവര്‍ മുഴക്കിയിരുന്നു.

ഇതേത്തുടര്‍ന്ന്, കശ്മീര്‍ താഴ്‌വരയിലെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യമൊരുക്കണം എന്നാവശ്യപ്പെട്ട് നയിം അക്തര്‍ പാക്ക് അനുകൂലിയായ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിക്ക് തുറന്ന കത്തെഴുതിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ പിന്നീട് പ്രതികരണമൊന്നുമുണ്ടായില്ല.

ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിനു പിന്നാലെ കശ്മീര്‍ താഴ്‌വരയില്‍ ഉടലെടുത്ത സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട സ്‌കൂളുകളൊന്നും ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇക്കഴിഞ്ഞ ജൂലൈ എട്ടിന് സൈനിക നടപടിക്കിടെയാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. കശ്മീര്‍ താഴ്‌വരയിലെ സംഘര്‍ഷം 20 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിച്ചതായാണ് കണക്ക്

Top