പരമോന്നത നേതാവ് അഖുന്‍സാദ മരിച്ചിട്ടില്ലെന്ന് താലിബാന്‍; മതവിദ്യാലയം സന്ദര്‍ശിച്ചെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്‍സാദയുടെ മരണം സംബന്ധിച്ച് കിംവദന്തികള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെ അദ്ദേഹം കാണ്ഡഹാറിലെ പൊതു പരിപാടിയില്‍ പങ്കെടുത്തെന്ന അവകാശവാദവുമായി താലിബാന്‍. ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം ഏറ്റെടുത്തു മാസങ്ങള്‍ പിന്നിട്ടിട്ടും അഖുന്‍സാദയെ ഒരു പൊതു പരിപാടിയില്‍ പോലും കാണാതിരുന്നതോടെ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് കിംവദന്തികള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

അഖുന്‍സാദ ശനിയാഴ്ച കാണ്ഡഹാറിലെ മതവിദ്യാലയം സന്ദര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്. അഖുന്‍സാദയ്‌ക്കൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തെന്ന് അവകാശപ്പെടുന്ന മുതിര്‍ന്ന താലിബാന്‍ നേതാവാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞത്.

2016 മുതല്‍ താലിബാന്റെ പരമോന്നത നേതാവായി കരുതപ്പെടുന്ന ആളാണ് അഖുന്‍സാദ. യുഎസ് അഫ്ഗാനില്‍നിന്ന് പിന്മാറി താലിബാന്‍ ഭരണം ഏറ്റെടുത്തപ്പോഴും അഖുന്‍സാദ പരമോന്നത നേതവായി തന്നെ തുടര്‍ന്നു. മുന്‍പ് പല പൊതു പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് അദ്ദേഹത്തിന്റെ സാന്നിധ്യം താലിബാന്‍ സ്ഥിരീകരിക്കുന്നത്. 2016ല്‍ താലിബാന്‍ അവരുടെ ഔദ്യോഗിക പേജില്‍ ട്വീറ്റ് ചെയ്ത ഒരു ചിത്രം മാത്രമാണ് റോയിട്ടേഴ്‌സിന് അഖുന്‍സാദയുടേതെന്ന് സ്ഥിരീകരിക്കാനായത്.

 

Top