താലിബാന് വീണ്ടും വമ്പൻ തിരിച്ചടി, 350 പേരെ വധിച്ച് വടക്കൻ സഖ്യം . . .

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷിര്‍ താഴ്വരയില്‍ താലിബനും വടക്കന്‍ സഖ്യവും തമ്മില്‍ ഏറ്റുമുട്ടി. പാഞ്ച്ഷിര്‍ ആക്രമിച്ച 350 താലിബാന്‍കാരെ കൊലപ്പെടുത്തിയതായി വടക്കന്‍ സഖ്യം അവകാശപ്പെട്ടു. അതിനിടെ എത്രയും വേഗം കീഴടങ്ങണമെന്ന് പാഞ്ച്ഷിര്‍ നേതാക്കള്‍ക്ക് താലിബാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

പാഞ്ച്ഷിറിന്റെ സുപ്രധാന ഭാഗങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. പാഞ്ച്ഷിറിലേക്കുള്ള എല്ലാ വഴികളും അടച്ച താലിബാന്‍ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ അടക്കം വിച്ഛേദിച്ചു. അതിനിടെ കാബൂളില്‍ താലിബാന്റെ സര്‍ക്കാര്‍ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകും.

ഇറാന്‍ മാതൃകയില്‍ പരമോന്നത മത നേതാവുള്ള ഭരണകൂടമാണ് താലിബാന്‍ പ്രഖ്യാപിക്കുക എന്നാണ് സൂചനകള്‍. ഹിബത്തുല്ല അഖുന്‍സാദാ ആയിരിക്കും പരമോന്നത നേതാവ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ സര്‍ക്കാര്‍ രൂപീകരണം ഉടനെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സുഹൃദ് രാജ്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ ചര്‍ച്ച നടത്തി.

ജനാധിപത്യ രാജ്യങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് ഇന്ത്യ സൂചിപ്പിച്ചു. എംബസി തുറക്കുന്നതില്‍ തിടുക്കമില്ലെന്നും വിദേശകാര്യവൃത്തങ്ങള്‍ പറഞ്ഞു. അതേസമയം ഇന്ത്യയുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് ഇതുവരെ താലിബാന്‍ പ്രതികരിച്ചിട്ടില്ല.

അതേസമയം, അഫ്ഗാനിസ്ഥാന്റെ മുഖ്യപങ്കാളിയായിരിക്കും ചൈനയെന്ന് താലിബാന്‍ അറിയിച്ചു. അഫ്ഗാന്‍ പുനര്‍നിര്‍മാണത്തിന് ചൈന സഹകരണം വാഗ്ദാനം ചെയ്‌തെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനില്‍ ചൈനയ്ക്ക് എംബസി ഉണ്ടായിരിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും താലിബാന്‍ വക്താവ് അറിയിച്ചു. ഇറ്റാലിയന്‍ ദിനപത്രമായ ലാ റിപ്പബ്ലിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സബീഹുള്ള ഇക്കാര്യം വ്യക്തമാക്കിയത്.

Top