നിബന്ധനകളോടെ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ പഠനം തുടരാമെന്ന് താലിബാന്‍; ആണ്‍കുട്ടികള്‍ക്ക് വേറെ ക്ലാസുകള്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പെണ്‍കുട്ടികള്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേക്ക്. അടുത്തയാഴ്ച സ്‌കൂള്‍ തുറക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനാനുമതി ലഭിക്കുമെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കി. താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധി അസീസ് അഹമ്മദ് റയാന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.പക്ഷെ പെണ്‍കുട്ടികളുടെ പഠനത്തിന് ചില നിബന്ധനകളുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയായിരിക്കും ക്ലാസുകള്‍. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വനിതാ അധ്യാപകര്‍ക്ക് മാത്രമായിരിക്കും അനുമതി. പക്ഷെ രാജ്യത്തെ ചില പ്രദേശങ്ങളില്‍ വനിതാ അധ്യാപകരുടെ കുറവുണ്ട്. ഈ സാഹചര്യത്തില്‍ പ്രായമായ പുരുഷ അധ്യാപകര്‍ക്ക് പെണ്‍കുട്ടികളെ പഠിപ്പിക്കാമെന്നും താലിബാന്‍ പ്രതിനിധി വ്യക്തമാക്കി. ഈ വര്‍ഷം രാജ്യത്ത് ഒരു സ്‌കൂളും അടച്ചിടില്ല. ഏതെങ്കിലും സ്‌കൂളുകള്‍ പൂട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അത് തുറക്കേണ്ടത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയാണെന്നും ഇദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികളുടെ പഠനം താലിബാന്‍ ഔദ്യോഗികമായി വിലക്കിയിരുന്നില്ലെങ്കിലും രാജ്യത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും താലിബാന്‍ അംഗങ്ങള്‍ അടച്ചു പൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം അഫ്ഗാനിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഏഴാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികളെ മാത്രമേ സ്‌കൂളില്‍ പ്രവേശിക്കാനനുവദിച്ചിരുന്നുള്ളൂ. അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭാസം നിഷേധിക്കരുതെന്നായിരുന്നു താലിബാനോടുള്ള ആഗോള രാജ്യങ്ങളുടെ പ്രധാന ആവശ്യം. 1996-2001 കാലത്തെ താലിബാന്റെ ആദ്യ ഭരണകാലത്ത് രാജ്യത്ത് സ്ത്രീകള്‍ക്ക് വലിയ തോതില്‍ അവകാശ നിഷേധമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ വീണ്ടും അധികാരത്തിലേറിയപ്പോള്‍ ഈ നയത്തില്‍ നിന്നും മാറ്റമുണ്ടാവുമെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു.

Top