ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചെടുക്കുമെന്ന് താലിബാന്‍

കാബൂള്‍: ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്റെ അധീനതയിലാവുമെന്ന് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് സിഎന്‍എസ് ന്യൂസ്-18 ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളില്‍ താല്‍പര്യമില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ്യ ദൗത്യ സംഘങ്ങളേയും എന്‍ജിഒകളേയും ആക്രമിക്കില്ലെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ താലിബാന്‍ പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് പ്രഖ്യാപിച്ചത്. കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി.’ ട്വീറ്റില്‍ പറയുന്നു.

അഫ്ഗാന്‍ സര്‍ക്കാര്‍ സൈന്യത്തെ നഗരത്തിന് പുറത്തുളള സൈനിക കേന്ദ്രത്തിലേക്ക് പിന്‍വലിച്ചതായി കാണ്ഡഹാര്‍ സ്വദേശിയും പറയുന്നുണ്ട്. തലസ്ഥാനമായ കാബൂളില്‍ നിന്ന് 150 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഗസ്‌നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാന്‍ പിടിച്ചെടുത്തിരുന്നു.

അഫ്ഗാന്‍ സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പതിനൊന്ന് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്.

അതേസമയം രാജ്യത്തെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിക്കാനായി പ്രസിഡന്റ് അഷ്‌റഫ് ഘാനി ഇന്നോ നാളെയോ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് വിവരം.

Top