ചൈനയുടെ സ്വപ്നമായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് സഹകരണം വാഗ്ദാനം ചെയ്ത് താലിബാന്‍

ബീജിങ്: ചൈനയുടെ സ്വപ്നമായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്ക് പൂര്‍ണമായ സഹകരണം വാഗ്ദാനം ചെയ്ത് അഫ്ഗാന്‍ ഭരണകൂടമായ താലിബാന്‍. കൂടുതല്‍ പഠനത്തിനും ചര്‍ച്ചകള്‍ക്കുമായി സംഘത്തെ ചൈനയിലേക്ക് അയക്കുമെന്ന് അഫ്ഗാന്‍ വ്യാവസായ മന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍ ഭരണകൂടത്തെ മറ്റ് രാജ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലും താലിബാന് പൂര്‍ണ പിന്തുണ നല്‍കാനാണ് ചൈനയുടെ തീരുമാനം. കഴിഞ്ഞ മാസമാണ് ചൈന ഔദ്യോഗികമായി കാബൂളിലേക്ക് അംബാസഡറെ അയച്ചത്.

ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, ബെല്‍റ്റ് റോഡ് പദ്ധതി എന്നിവയില്‍ അഫ്ഗാനെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അഫ്ഗാന്‍ വ്യവസായ മന്ത്രി ഹാജി നൂറുദ്ദീന്‍ അസീസി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. ചൈന അഫ്ഗാനില്‍ വലിയ രീതിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ചൈനക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും അഫ്ഗാന്‍ മന്ത്രി പറഞ്ഞു.

ലിഥിയം, കോപ്പര്‍, അയണ്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ ചൈനക്ക് ലഭ്യമാക്കുമെന്നും നിക്ഷേപത്തെ സ്വാഗതം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ അഫ്ഗാനടക്കം 34 രാജ്യങ്ങള്‍ ഡിജിറ്റല്‍ എക്കോണമി, ഗ്രീന്‍ ഡെവലപ്‌മെന്റ് പദ്ധതികളില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

Top