സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി താലിബാന്‍ നേതൃത്വത്തില്‍ വീണ്ടും വാക്കേറ്റം

കാബൂള്‍: അഫ്ഗാന്‍ ഉപപ്രധാനമന്ത്രി മുല്ല അബ്ദുള്‍ ഗനി ബരാദറും മന്ത്രിസഭാംഗങ്ങളും തമ്മില്‍ വാക്കേറ്റം. തലസ്ഥാനത്താണ് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതെന്ന് താലിബാന്‍ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ രൂപവത്കരിച്ചതിന് ശേഷവും താലിബാനിലെ ആഭ്യന്തരകലഹം അവസാനിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബരാദര്‍ പൊതുയിടത്തില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു. ഈ സമയത്ത് ഉണ്ടായിരുന്ന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോള്‍ വീണ്ടും താലിബാനകത്ത് ആഭ്യന്തരകലഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്.

നിലവിലെ തിരഞ്ഞെടുക്കപ്പെട്ട താലിബാന്‍ സര്‍ക്കാരിലെ ചിലരില്‍ ഉപ പ്രധാനമന്ത്രി മുല്ല ബരാദര്‍ അത്ര തൃപ്തനല്ല എന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഈ താലിബാന്‍ ഔദ്യോഗികമായിത്തന്നെ നിഷേധിച്ചിട്ടുണ്ട്. നേതൃസ്ഥാനത്തെ ചൊല്ലി ബരാദറും താലിബാനകത്തെ തീവ്ര സംഘടനാ നേതാവ് ഹഖാനിയും തമ്മില്‍ നേരത്തെ വാക്കേറ്റം ഉണ്ടായതായും തുടര്‍ന്ന് നടന്ന ആക്രമണത്തില്‍ ബരാദറിന് പരിക്കേറ്റതയും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ താന്‍ ജീവനോടെ ഉണ്ട് എന്നും തനിക്ക് വെടിയേറ്റിട്ടില്ല എന്നും വ്യക്തമാക്കിക്കൊണ്ട് ബരാദര്‍ തന്നെ രംഗത്തെത്തിയിരുന്നു. ശബ്ദ സന്ദേശത്തിലൂടെയായിരുന്നു ബരാദര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസമാണ് താലിബാന്‍ അഫ്ഗാനിസ്താനെ പിടിച്ചെടുക്കുന്നത്. തുടര്‍ന്ന് അഫ്ഗാനെ ‘ഇസ്ലാമിക് എമിറേറ്റ്’ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

എന്നാല്‍ നേതൃ സ്ഥാനത്തെ ചൊല്ലി താലിബാന്‍ സ്ഥാപകരില്‍ ഒരാളായ മുല്ല അബ്ദുള്‍ ഗനി ബരാദറും ഹഖാനിയും തമ്മില്‍ ആശയവ്യത്യാസങ്ങളുണ്ടായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ പാക് പ്രത്യേക സംഘവും അഫ്ഗാനിലെത്തിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

യുഎസ് 10 മില്യണ്‍ ഇനാം പ്രഖ്യാപിച്ച സിറാജുദ്ദീന്‍ ഹഖാനി അടക്കമുള്ള തീവ്രവാദി നേതാക്കളാണ് താലിബാന്‍ സര്‍ക്കാരില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം സര്‍ക്കാരില്‍ ഒരു വനിത പോലും ഉള്‍പ്പെട്ടിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.

അമേരിക്കയുമായി നേരിട്ട് ആദ്യമായി ആശയവിനിമയം നടത്തിയ നേതാവാണ് ബരാദര്‍. 2020ല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലിക്കുമ്പോഴാണ് ടെലിഫോണ്‍ വഴി ബരാദര്‍ അമേരിക്കയുമായി ആശയ വിനിമയം നടത്തുന്നത്. ഇതിന് ശേഷമാണ് ദോഹ കരാറില്‍ ഒപ്പു വെക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്ക് സൈന്യത്തെ പിന്‍വലിക്കുമെന്ന് അന്ന് വ്യക്തമാക്കിയത്.

 

Top