വിവാഹാഘോഷത്തിൽ പാട്ട്; താലിബാൻ 13 പേരെ കൊലപ്പെടുത്തിയെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ്

കാബൂള്‍: അഫ്ഗാനിസ്താനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ വിവാഹാഘോഷത്തിലെ പാട്ട് നിര്‍ത്താന്‍ താലിബാന്‍ 13 പേരെ കൂട്ടക്കൊല ചെയ്‌തെന്ന് അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുല്ല സലേഹ്. താലിബാനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ സലേഹ് ട്വീറ്റിലൂടെയാണ് ഇക്കാര്യം ആരോപിച്ചത്.

‘നംഗര്‍ഹാറില്‍ വിവാഹ ചടങ്ങിലെ പാട്ട് നിശബ്ദമാക്കാനായി താലിബാന്‍ സൈനികര്‍ 13 പേരെ കൂട്ടക്കൊല ചെയ്തിരിക്കുന്നു. ഇതിനെ അപലപിച്ചുകൊണ്ട് മാത്രം നമ്മുടെ രോഷം പ്രകടിപ്പിക്കാന്‍ കഴിയില്ല. 25 വര്‍ഷമായി പാകിസ്താന്‍ അവരെ പരിശീലിപ്പിച്ചത് അഫ്ഗാന്‍ സംസ്‌കാരത്തെ നശിപ്പിക്കാനും പകരം ഐ.എസ്.ഐയുടെ മതഭ്രാന്ത് ഉപയോഗിച്ച് നമ്മുടെ മണ്ണിനെ നിയന്ത്രിക്കാനുമാണ്. അതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്’ -സലേഹ് ട്വീറ്റ് ചെയ്തു

ഈ ഭരണം നിലനില്‍ക്കില്ല, പക്ഷേ അതിന്റെ അവസാനം വരെ അഫ്ഗാന്‍ ജനത വിലനല്‍കേണ്ടിവരുമെന്നും സലേഹ് പറഞ്ഞു.

പഞ്ച്ഷീര്‍ പ്രവിശ്യയില്‍ താലിബാനെതിരെ ചെറുത്തുനില്‍പ്പ് നടത്തിയ പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്കിയവരിലൊരാളാണ് അമറുല്ല സലേഹ്. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ രാജ്യം വിട്ട മുന്‍ സര്‍ക്കാറിലെ നേതാക്കള്‍ ചേര്‍ന്ന് ഈയടുത്ത് പ്രവാസി ഭരണകൂടം രൂപീകരിച്ചിരുന്നു. അമറുല്ല സലേഹിന്റെ നേതൃത്വത്തിലാണ് അഫ്ഗാന്‍ പ്രവാസി ഭരണകൂടം നിലവില്‍ വന്നത്.

Top