അഫ്ഗാനിലെ പ്രധാന നഗരങ്ങളില്‍ ഉടനീളം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി താലിബാന്‍

സ്വന്തം ജനതയെ നീരിക്ഷിക്കാന്‍ താലിബാന്‍ അഫ്ഗാനിലെ പ്രധാന നഗരങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. 2021 ആഗസ്റ്റില്‍ അഫ്ഗാനില്‍ നിന്ന് പിന്മാറും മുമ്പ് അമേരിക്ക തയ്യാറാക്കിയ പദ്ധതി പുനർനിർമ്മിക്കുന്നതും ഉൾപ്പെടുമെന്ന് താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ കാബൂളിൽ ഉടനീളം ആയിരക്കണക്കിന് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനാണ് താലിബാന്റെ പദ്ധതി. നഗരത്തിന്റെ സുരക്ഷയ്ക്കും ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) അടിച്ചമര്‍ത്തുന്നതിലുമാണ് തങ്ങളുടെ ശ്രദ്ധയെന്നാണ് താലിബാന്റെ നയം. സിസിടിവിയുടെ സാധ്യതകളെ കുറിച്ച് ചൈനീസ് ടെലികോം ഉപകരണ നിർമ്മാതാക്കളായ ഹുവാവേയുമായി ചര്‍ച്ചകള്‍ നടത്തിയതായും താലിബാന്‍ പറയുന്നു.

കാബൂളിലും മറ്റ് പ്രധാന നഗരങ്ങളിലും സെൻട്രൽ കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിക്കുന്ന തരത്തില്‍ 62,000 ക്യാമറകൾ ഒരുക്കാനാണ് പദ്ധതി. മുന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയത് 2018 ലാണ്. 2021 ജനുവരിയില്‍ മുന്‍ സര്‍ക്കാറിലെ വൈസ് പ്രസിഡന്റ് ആയിരുന്ന അംറുല്ല സാലിഹ് പദ്ധതിക്ക് 100 മില്യൺ ഡോളറിന്റെ നാറ്റോ പിന്തുണയുണ്ടെന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് താലിബാന്‍ അധികാരം കൈയേറിയത്. താലിബാനും ഐഎസ് ആദ്യം ഒന്നിച്ചായിരുന്നു പോരാടിയതെങ്കിലും പിന്നാട് താലിബാനെ തള്ളിപ്പറഞ്ഞ ഐഎസ് പരസ്പരം പോരടിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 2021 ആഗസ്റ്റില്‍ അധികാരം കൈയാളിയതിന് പിന്നാലെ അജ്ഞാതമായ മൃതദേഹങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ടത് ഇതിന്റെ തുടര്‍ച്ചയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പോലുള്ള അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രമണങ്ങൾ തടയുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് താലിബാന്‍ യുഎസുമായും ചൈനയുമായും നടത്തുന്ന ആശയവിനിമയത്തിന്റെ കാതല്‍. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം രാജ്യത്തെ പ്രധാന നഗരങ്ങളെ നിരീക്ഷണത്തിലാക്കുന്ന പുതിയ സുരക്ഷാ തന്ത്രത്തിന്റെ ഭാഗമാണ് സിസിടിവി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇത് പൂർണ്ണമായും നടപ്പിലാക്കാൻ നാല് വർഷമെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ മതീൻ കാനി റോയിട്ടേഴ്‌സിനോട് പറഞ്ഞു. “ഇപ്പോൾ ഞങ്ങൾ കാബൂൾ സുരക്ഷാ ഭൂപടത്തിനായി പ്രവർത്തിക്കുകയാണ്, അത് പൂര്‍ത്തിയാക്കാന്‍ സുരക്ഷാ വിദഗ്ധർ ധാരാളം സമയമെടുക്കുന്നു. അതേസമയം ഞങ്ങൾക്ക് രണ്ട് ഭൂപടങ്ങളുണ്ട്, ഒന്ന് മുൻ സർക്കാരിന് വേണ്ടി യുഎസ്എയും രണ്ടാമത്തേത് തുർക്കിയും ഉണ്ടാക്കിയതാണ്.” അബ്ദുൾ മതീൻ കാനി വിശദീകരിച്ചു.

ആഗസ്റ്റിൽ ഹുവാവേയുമായി പദ്ധതിയുടെ സാധ്യത സംബന്ധിച്ച് “ലളിതമായ സംഭാഷണം” നടത്തിയിരുന്നെങ്കിലും കരാറുകളോ ഉറച്ച പദ്ധതികളോ എത്തിയിട്ടില്ലെന്നും കാനി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഹുവാവേയുമായി വാക്കാലുള്ള കരാറിലെത്തിയെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഒരു പദ്ധതിയും ചർച്ച ചെയ്തിട്ടില്ലെന്നായിരുന്നു ഹുവാവേയുടെ മറുപടി. താലിബാനുമായി ഒരു പങ്കാളിത്തവും ഇല്ലെന്നും അതേ സമയം അഫ്ഗാന്‍ ഭീകരര്‍ക്ക് താവളമാകില്ലെന്ന് ഉറപ്പ് വരുത്തുമെന്നു യുഎസ് അഭിപ്രായപ്പെട്ടു. തുര്‍ക്കി ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Top