ഇരുരാജ്യങ്ങളും സംയമനം പാലിക്കണം; റഷ്യ യുക്രൈനെ ആക്രമിച്ച സംഭവത്തില്‍ താലിബാന്‍

അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്കുകളും ഭീഷണികളും മറികടന്ന് റഷ്യ യുക്രൈനെ ആക്രമിച്ച സംഭവത്തില്‍ പ്രസ്താവനയുമായി താലിബാന്‍. താലിബാന്‍ വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന ട്വിറ്ററില്‍
പോസ്റ്റ് ചെയ്തത്.

നിരപരാധികളായ സിവിലിയന്‍മാരെ കൊന്നൊടുക്കുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച താലിബാന്‍ യുക്രൈനില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കാള്ളണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം, അക്രമങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഈ വിഷയത്തില്‍ പക്ഷപാതരഹിതമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ താലിബാന്‍ സമാധാന മാര്‍ഗത്തിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്ന് റഷ്യയോടും യുക്രൈനിനോടും ആവശ്യപ്പെട്ടു.

യുക്രൈനില്‍ കഴിയുന്ന അഫ്ഗാന്‍ വിദ്യാര്‍ത്ഥികളുടെയും അഭയാര്‍ത്ഥികളുടെയും ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ ഇരു കൂട്ടരും കൈക്കൊള്ളണെമന്നും പ്രസ്താവനയില്‍ താലിബാന്‍ ആവശ്യപ്പെട്ടു.

Top