സ്ത്രീകളെ വസ്തുവായി കാണരുതെന്നും വിവാഹത്തിന് അനുമതി നേടണമെന്നും താലിബാന്റെ ഉത്തരവ്

കാബൂള്‍: സ്ത്രീകള്‍ക്കനുകൂലമായ പുതിയ ഉത്തരവുമായി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. വിവാഹത്തിനായി സ്ത്രീയുടെ അനുമതി നേടണമെന്നും സ്ത്രീകളെ ഒരു വസ്തുവായി കണക്കാക്കരുതെന്നുമാണ് താലിബാന്റെ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്.

സ്ത്രീയെന്നത് ഒരു വസ്തുവല്ല. മറിച്ച് മഹത്വവും സ്വാതന്ത്ര്യവുമുള്ള മനുഷ്യനാണെന്നും സമാധാനത്തിനോ ശത്രുത അവസാനിപ്പിക്കുന്നതിനോ വേണ്ടി അവരെ ആര്‍ക്കും കൈമാറരുതെന്നും താലിബാന്‍ വക്താവ് സാബിഹില്ലാ മുജാഹിദ് ഉത്തരവില്‍ വ്യക്തമാക്കി.

വിവാഹം, സ്ത്രീകള്‍ക്കുള്ള സ്വത്ത് വകകള്‍, എന്നിവ സംബന്ധിച്ച നിബന്ധനകളും ഉത്തരവില്‍ ഉള്‍പ്പെടുന്നു. വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ കോടതികള്‍ ഇക്കാര്യം പരിഗണിക്കണമെന്നും മതസ്ഥാപനങ്ങളും മറ്റ് മന്ത്രാലയങ്ങളും സ്ത്രീകളുടെ ഇത്തരം അവകാശങ്ങള്‍ പിന്തുണയ്ക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഭാവിയില്‍ അഫ്ഗാനിസ്ഥാനുമായി ബന്ധം തുടരണമെങ്കില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ലോകരാജ്യങ്ങള്‍ നിലപാട് അറിയിച്ചിരുന്നു. അഫ്ഗാനിസ്താന് മറ്റു ലോകരാജ്യങ്ങള്‍ നല്‍കി വന്നിരുന്ന സാമ്പത്തിക സഹായങ്ങളില്‍ ഭൂരിഭാഗവും മരവിപ്പിച്ചിരിക്കുകയാണ്. മരവിപ്പിച്ച സഹായങ്ങള്‍ ഉറപ്പിക്കാനാണ് താലിബാന്റെ പുതിയ നീക്കമെന്ന് സംശയിക്കപ്പെടുന്നു.

Top