അഫ്ഗാനിസ്ഥാനില്‍ ശരീഅത്ത് ശിക്ഷകള്‍ ഏര്‍പ്പെടുത്തുമെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷകള്‍ ഏര്‍പ്പെടുത്തുമെന്ന് താലിബാന്‍. താലിബാന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മുല്ല നൂറുദ്ദീന്‍ തുറാബിയാണ് കൈവെട്ടും തൂക്കിക്കൊലയും അടക്കമുള്ള കടുത്ത ശിക്ഷകള്‍ നടപ്പിലാക്കുമെന്ന് അറിയിച്ചത്. അസോസിയേറ്റഡ് പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് താലിബാന്‍ നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ തവണ താലിബാന്‍ ഭരണത്തിലേറിയപ്പോള്‍ ഈ ശിക്ഷാരീതികള്‍ ലോകവ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.

‘സ്റ്റേഡിയത്തില്‍ വച്ച് ശിക്ഷാരീതികള്‍ നടപ്പിലാക്കുന്നതിനെ എല്ലാവരും വിമര്‍ശിച്ചു. പക്ഷേ, അവരുടെ നിയമങ്ങളെപ്പറ്റിയും ശിക്ഷാരീതികളെപ്പറ്റിയും ആരും ഒന്നും പറഞ്ഞില്ല. ഞങ്ങളുടെ നിയമങ്ങള്‍ എന്താവുമെന്ന് ആരും ഞങ്ങളോട് പറയേണ്ടതില്ല. ഞങ്ങള്‍ ഇസ്ലാം പിന്തുടര്‍ന്ന് ഖുറാനിലെ നിയമങ്ങള്‍ ഉണ്ടാക്കും.”- തുറാബി പറഞ്ഞു.

ആദ്യ തവണ താലിബാന്‍ അധികാരത്തിലേറിയപ്പോള്‍ നന്മ പ്രചരിപ്പിക്കല്‍, തിന്മ തടയല്‍ മന്ത്രി ആയിരുന്നു തുറാബി. കാബൂളിലെ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിലാണ് അക്കാലത്ത് ശിക്ഷകള്‍ നടപ്പാക്കിയിരുന്നത്. ഇത് കാണാന്‍ നിരവധി ആളുകളും എത്തുമായിരുന്നു. ഇതിനെതിരെ ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

കൊലപാതകം നടത്തുന്നവരെ വെടിവെച്ച് കൊല്ലുകയായിരുന്നു രീതി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്, കൊലയാളിയില്‍ നിന്ന് പണം വാങ്ങി ശിക്ഷ ഒഴിവാക്കി നല്‍കാന്‍ അനുവാദമുണ്ട്. കള്ളന്മാരുടെ കൈകള്‍ വെട്ടും. ഹൈവേ കൊള്ളക്കാരുടെ ഒരു കാലും കയ്യും ഛേദിക്കും.

 

Top