താലിബാന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെയെന്ന് സൂചന

കാബൂള്‍: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇരുപത് വര്‍ഷം തികയുന്ന സെപ്തംബര്‍ 11ന് (9/11) താലിബാന്‍ തങ്ങളുടെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ‘അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഞങ്ങളെ കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. അമേരിക്കയെ മുറിപ്പെടുത്താനോ നാണംകെടുത്താനോ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ക്കിത് ഒരു വലിയ ദിവസമാണ്. ഞങ്ങളുടെ ആഭ്യന്തര മന്ത്രി അവരുടെ ആഗോള ഭീകര പട്ടികയിലുള്ളത് ഞങ്ങള്‍ക്കും അപമാനകരമാണ് ‘, ഒരു താലിബാന്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ആഗോളഭീകര പട്ടികയിലുള്ളവരാണെന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടെ ഉപരോധ പട്ടികയിലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരില്‍ ഒരാളായ സിറാജുദ്ദീന്‍ ഹഖാനിയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതായി താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.

മുല്ല മുഹമ്മദ് ഹസ്സന്‍ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അഖുണ്ട് ഉള്‍പ്പടെ മന്ത്രിസഭയിലെ അഞ്ച് അംഗങ്ങളെങ്കിലും ഐക്യരാഷ്ട്രസഭയുടെ ഉപരോധ പട്ടികയിലുള്ളവരാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നതില്‍ രാജ്യങ്ങള്‍ ഇപ്പോഴും മടിച്ചുനില്‍കുകയാണെങ്കിലും, സര്‍ക്കാര്‍ രൂപവത്കരണ ചടങ്ങിലേക്ക് റഷ്യ, ചൈന, തുര്‍ക്കി, ഇറാന്‍, പാകിസ്ഥാൻ എന്നീ രാജ്യങ്ങളെ താലിബാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

താലിബാനുമായി ലോകം ചര്‍ച്ച നടത്തണമെന്നും ദശലക്ഷക്കണക്കിന് മരണങ്ങള്‍ ഒഴിവാക്കണമെന്നും താലിബാന്‍ സര്‍ക്കാരിന് സാധ്യമായ അംഗീകാരം നല്‍കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യ അഫ്ഗാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

 

Top