ഇന്ത്യയോട് സഹായം അപേക്ഷിച്ച് താലിബാന്‍ ഭരണകൂടം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ഇന്ത്യന്‍ പിന്തുണയില്‍ ആരംഭിച്ച അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ പൂര്‍ത്തീകരിച്ച് തരാനും ഇന്ത്യയോട് അപേക്ഷിച്ച് താലിബാന്‍. കഴിഞ്ഞ ആഴ്‌ച നടന്ന യോഗത്തിലാണ് താലിബാന്‍ ഈ കാര്യം അറിയിച്ചത്. താലിബാന്റെ നഗരവികസന-ഭവന മന്ത്രി ഹംദുല്ല നൊമാനിയും രാജ്യത്തെ ഇന്ത്യയുടെ സാങ്കേതിക ടീം തലവൻ ഭരത് കുമാറും തമ്മിലാണ് കൂടിക്കാഴ്ച നടന്നത് എന്നാണ് റിപ്പോര്‍ട്ട്.

“മുമ്പ് ഇന്ത്യ ആരംഭിച്ച പ്രോജക്റ്റുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്. കൂടാതെ കാബൂൾ നഗരം വികസനത്തിന് ഇന്ത്യയില്‍ നിന്നും കൂടുതല്‍ നിക്ഷേപവും പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഇന്ത്യൻ നിക്ഷേപത്തിന് എല്ലാ സുരക്ഷയും നല്‍കുമെന്ന് താലിബാന്‍ ഉറപ്പ് നല്‍കി” താലിബാന്‍ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു.

കാബൂളിലെ പാർലമെന്റ് മന്ദിരം മുതൽ ഹെറാത്തിലെ ഇന്ത്യ-അഫ്ഗാനിസ്ഥാൻ സൗഹൃദ അണക്കെട്ട് വരെയുള്ള രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലും ഇന്ത്യൻ സാമ്പത്തിക സഹായത്തോടെ ഏകദേശം 433 ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്ടുകൾ പൂർത്തിയാക്കിയിരുന്നു.

2019-20 സാമ്പത്തിക വർഷത്തിൽ, ഇന്ത്യൻ ഗവൺമെന്റിന്റെ ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോജക്റ്റ് പദ്ധതിക്ക് കീഴിൽ അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ 37 പ്രോജക്ടുകൾ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യന്‍ സഹായ പദ്ധതികളെ ബാധിച്ചിരുന്നു. താലിബാന്റെ തിരിച്ചുവരവിന് ശേഷം ഇന്ത്യ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ അടക്കം രാജ്യത്തിന് പുറത്ത് എത്തിയിരുന്നു. അഫ്ഗാനിസ്ഥാന് മാനുഷിക സഹായം എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതിക ടീമിനെ വിന്യസിക്കുമെന്ന് ജൂണിൽ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

“ഇന്ത്യക്ക് അഫ്ഗാൻ ജനതയുമായി ചരിത്രപരവും നാഗരികവുമായ ബന്ധമുണ്ട്. മാനുഷിക സഹായം ഫലപ്രദമായി നൽകുന്നതിനും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും അഫ്ഗാൻ ജനതയുമായുള്ള ഞങ്ങളുടെ ഇടപഴകലിന്റെ തുടർച്ചയായി, ഒരു ഇന്ത്യൻ സാങ്കേതിക സംഘം കാബൂളിലെത്തി’ അന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്രജ്ഞരും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് സംഘം.

Top