അഫ്ഗാനിസ്ഥാനിലെ യുഎന്‍ ജീവനക്കാര്‍ക്ക് താലിബാന്റെ മര്‍ദ്ദനം; റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥര്‍ക്ക് താലിബാന്റെ ഭാഗത്ത് നിന്ന് പീഡനവും മര്‍ദ്ദനവും നേരിട്ടുവെന്ന് വെളിപ്പെടുത്തല്‍. റോയിട്ടേര്‍സ് വാര്‍ത്ത ഏജന്‍സിയാണ് യുഎന്‍ രഹസ്യ രേഖകള്‍ ഉദ്ധരിച്ച് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച അഫ്ഗാനിലെ യുഎന്‍ ജീവനക്കാരെ വഹിച്ചുള്ള വാഹനങ്ങള്‍ കാബൂള്‍ വിമനത്താവളത്തിലേക്കുള്ള വഴിയില്‍ താലിബാന്‍ തടയുകയും, ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

യുഎന്‍ വാഹനങ്ങളാണെന്ന് വ്യക്തമായിട്ടും അവര്‍ വാഹനങ്ങള്‍ പരിശോധിച്ചെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ ഒരു യുഎന്‍ ജീവനക്കാരന്‍ ജോലിക്ക് പോയ സമയത്ത് അയാളുടെ വീട്ടില്‍ താലിബാന്‍ റെയിഡ് നടത്തുകയും, അയാളുടെ മകനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നടന്നുവെന്നാണ് യുഎന്‍ സുരക്ഷ രേഖകള്‍ വെളിവാക്കുന്നത്. ആഗസ്റ്റ് 10 ന് ശേഷം വലിയ തോതില്‍ അഫ്ഗാനിസ്ഥാനിലെ യുഎന്‍ ഓഫീസുകളും, ജീവനക്കാരും ഭീഷണിയിലാണ് എന്നാണ് യുഎന്‍ സുരക്ഷ രേഖകള്‍ പറയുന്നത്. ആഗസ്റ്റ് 10നാണ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്ത് അഫ്ഗാനില്‍ അധികാരം സ്ഥാപിച്ചത്.

എന്നാല്‍ യുഎന്‍ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടു എന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ താലിബാന്‍ തയ്യാറായിട്ടില്ല. ഇതില്‍ അന്വേഷണം ആവശ്യമാണ് എന്നാണ് താലിബാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേര്‍സിനോട് പ്രതികരിച്ചത്. എന്നാല്‍ തങ്ങളുടെ ജീവനക്കാരും, ഓഫീസുകളും ഭീഷണിയിലാണ് എന്ന വാര്‍ത്തയോട് ഔദ്യോഗികമായി ഐക്യരാഷ്ട്ര സഭ പ്രതികരിച്ചിട്ടില്ല.

 

Top