പെൺകുട്ടികളെ എന്തുകൊണ്ട് സർവകലാശാലകളിൽ വിലക്കി; വിശദീകരണവും ന്യായീകരണവുമായി താലിബാൻ

കാബൂൾ: പെൺകുട്ടികളെ സർവകലാശാലയിൽ നിന്ന് വിലക്കിയ നടപടിയെ ന്യായീകരിച്ച് താലിബാൻ. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ വിലക്കിയ ന‌ടപടി ആഗോളതലത്തിൽ രൂക്ഷ വിമർശനത്തിനിടയാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി താലിബാൻ മന്ത്രി രം​ഗത്തെത്തിയത്. വിഷയത്തിൽ ആദ്യമായാണ് താലിബാൻ ഔദ്യോ​ഗികമായി പ്രതികരിക്കുന്നത്. പഠിപ്പിക്കുന്ന ചില വിഷയങ്ങൾ ഇസ്‌ലാമിന്റെ നിയമങ്ങൾ ലംഘിക്കുന്നതാണെന്നും സർവകലാശാലകളിൽ ആണും പെണ്ണും ഒരിമിച്ചിരുന്ന് പഠിക്കുന്നത് ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നും താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം അഫ്​ഗാൻ ടെലിവിഷനോട് വ്യക്തമാക്കി. പെൺകുട്ടികളെ വിലക്കിയ നടപടിയെ അപലപിച്ച അന്താരാഷ്ട്ര സമൂഹത്തെയും താലിബാൻ വിമർശിച്ചു. വിദേശികൾ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വസ്ത്രധാരണത്തിൽ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിദ്യാർഥിനികൾ പാലിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതുപോലെയാണ് പെൺകുട്ടികൾ വസ്ത്രം ധരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകിയ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ല. സർവകലാശാലകളിൽ എത്തുന്ന പെൺകുട്ടികൾ ഹിജാബുമായി ബന്ധപ്പെട്ട നിർദേശങ്ങളും പാലിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. ശാസ്ത്ര വിഷയങ്ങളും എൻജിനീയറിങ്, അഗ്രികൾച്ചർ വിഷയങ്ങളും അഫ്​ഗാൻ സ്ത്രീകളുടെ അന്തസ്സിനും സംസ്കാരത്തിനും ചേരുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

Top