ഐ.പി.എല്‍ മത്സരങ്ങളുടെ സംപ്രേഷണം അഫ്ഗാനില്‍ നിരോധിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഐ.പി.എല്‍ പ്രേമികള്‍ക്ക് നിരാശ. ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണം രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് പുതിയ താലിബാന്‍ ഭരണകൂടം. യു.എ.ഇയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കിടെ അനിസ്ലാമികമായ കാര്യങ്ങള്‍ കൂടി സംപ്രേഷണം ചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിരോധനം.

പെണ്‍കുട്ടികളുടെ നൃത്തവും ഗ്യാലറിയില്‍ അവര്‍ മുടി പ്രദര്‍ശിപ്പിക്കുന്നതുമെല്ലാമാണ് പ്രശ്‌നമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മാനേജര്‍ ഇബ്രാഹിം മുഹമ്മദ് ട്വീറ്റ് ചെയ്തു. നേരത്തെ അഫ്ഗാനിസ്ഥാന്റെ വനിതാ ക്രിക്കറ്റ് ടീമിനെതിരെ താലിബാന്‍ രംഗത്തുവന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയന്‍ ടീം അവരുടെ കന്നി അഫ്ഗാന്‍ പര്യടനം റദ്ദാക്കുക വരെ ചെയ്തിരുന്നു. നവംബറിലായിരുന്നു പരമ്പര നടക്കേണ്ടിയിരുന്നത്.

അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ ഇത്തവണ ഐ.പി.എല്ലില്‍ കളിക്കുന്നുണ്ട്. ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ താരങ്ങളാണ് റാഷിദ് ഖാനും മുഹമ്മദ് നബിയും മുജീബുര്‍ റഹ്‌മാനും.

 

Top