അഫ്ഗാനിലെ താലിബാന്‍ ആക്രമണം, സല്‍മ അണക്കെട്ടിനു നേര്‍ക്കല്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി

കാബൂള്‍: താലിബാന്‍ നടത്തിയ ആക്രമണം അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ പുനര്‍നിര്‍മിച്ച സല്‍മ അണക്കെട്ടിനു നേര്‍ക്കായിരുന്നില്ലെന്ന് അഫ്ഗാനിലെ ഇന്ത്യന്‍ സ്ഥാനപതി.

അണക്കെട്ടില്‍ നിന്നും അകലെയാണ് ആക്രമണം ഉണ്ടായത്. അണക്കെട്ടിനു നേര്‍ക്കാണ് ആക്രമണമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കണ്ടു. എന്നാല്‍ താന്‍ നേരിട്ട് സംഭവത്തെക്കുറിച്ച് അന്വേഷിച്ചെന്നും ഡാമിനു നേര്‍ക്കായിരുന്നില്ല ആക്രമണമെന്നും ഇന്ത്യന്‍ സ്ഥാനപതി മന്‍പ്രീത് വോറ പറഞ്ഞു.

ആക്രമണത്തില്‍ 10 സുരക്ഷാ ജീവനക്കാര്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി ഹെറാത് പ്രവിശ്യയിലെ ചിസ്റ്റ് ഇ ഷരീഫ് ജില്ലയില്‍ ചെക്ക് പോസ്റ്റിനു നേര്‍ക്കായിരുന്നു ആക്രമണം ഉണ്ടായത്. സല്‍മ അണക്കെട്ടില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം.

2016-ല്‍ ഇന്ത്യ-അഫ്ഗാന്‍ സൗഹൃദത്തിന്റെ ഭാഗമായി ഇന്ത്യ നിര്‍മിച്ചതാണ് സല്‍മ അണക്കെട്ട്. 1,700 കോടിയോളം രൂപയാണ് ഇതിനായി ഇന്ത്യ ചെലവഴിച്ചത്. 2016 ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും സംയുക്തമായാണ് ഉദ്ഘാടനം ചെയ്തത്. 2002 ല്‍ അണക്കെട്ടിന്റെ പുനരുദ്ധാരണ പണികള്‍ ആരംഭിച്ചത്. 351.87 കോടി രൂപയാണ് അണക്കെട്ടിനായി ആദ്യം അനുവദിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായപ്പോഴേക്കും 1775.69 കോടി രൂപയായി ചെലവ്.

Top