അഫ്ഗാനിസ്ഥാനില്‍ കരുത്താര്‍ജിച്ച് താലീബാന്‍; ഇന്ത്യ 50 നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ കാണ്ഡഹാറില്‍ കോണ്‍സുലേറ്റില്‍ നിന്ന് 50 ഓളം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ചു. വ്യോമസേനാ വിമാനത്തിലാണ് നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. കാണ്ഡഹാറിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ താലിബാന്‍ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.

കാബൂളിലെ എംബസിയും കാണ്ഡാഹാര്‍, മസാര്‍ ഇ-ഷെരീഫ് എന്നീ നഗരങ്ങളിലെ കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാന്‍ പദ്ധതിയില്ലെന്ന് നാല് ദിവസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച നയതന്ത്ര ഉദ്യോഗസ്ഥരെ മാറ്റിയത്.

അഫ്ഗാനിസ്താനിലുടനീളം വഷളായി കൊണ്ടിരിക്കുന്ന സുരക്ഷാസ്ഥിതിഗതികള്‍ ഇന്ത്യ സുസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥരും പൗരന്‍മാരും അപകടത്തിലാകാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ പറയുന്നു.

നയതന്ത്ര ഉദ്യോഗസ്ഥരേയും മറ്റു ജീവനക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഡല്‍ഹിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് താത്കാലികമായി അടച്ചു. യു.എസ്. സേനാ പിന്മാറ്റത്തെത്തുടര്‍ന്ന് അഫ്ഗാനിസ്താനിലെ വടക്കന്‍പ്രദേശങ്ങള്‍ ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാണ്. അഫ്ഗാനിസ്താന്റെ സുരക്ഷയും പുനര്‍നിര്‍മാണവും യു.എസിന്റെ ഉത്തരവാദിത്വമല്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

Top