നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് എതിരാളികളുടെ മുനയൊടിച്ച് പ്രതിഭ

കായംകുളം എം.എൽ.എയും അഡ്വക്കേറ്റുമായ യു.പ്രതിഭ ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. പഞ്ചായത്ത് തലത്തിൽ നിന്നും ആരംഭിച്ച സാമൂഹ്യ പ്രവർത്തനവും അതിലൂടെ ലഭിച്ച ജനപിന്തുണയും ഇക്കുറിയും ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് പ്രതിഭ വിശ്വസിക്കുന്നത്.

സിപിഎം തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, മുൻ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രതിഭ, ഇക്കുറി കായംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായ അരിത ബാബുവിനെയാണ് നേരിടുന്നത്. ശക്തമായ മത്സരമാണ് ഇത്തവണ മണ്ഡലത്തിൽ നടക്കുന്നത്.

കായംകുളത്ത് ഇക്കുറി നൂറ് ശതമാനം വിജയം പ്രതീക്ഷിക്കുന്നതായാണ് പ്രതിഭ ഹരി പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷക്കാലം എംഎൽഎ, പൊതുജനം എന്ന വ്യത്യാസമില്ലാതെ, അവരിൽ ഒരാളായി നിന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, സാമൂഹ്യപ്രവർത്തനം എന്നത് ഏറെ ആത്മവിശ്വാസം പകർന്ന ഒന്നാണെന്നും എക്‌സ്പ്രസ്സ് കേരളയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ വ്യക്തമാക്കി.

“ജനങ്ങൾ നന്നാകണം നാട് നന്നാകണം എന്നാണ് പൊതു പ്രവർത്തനത്തിലൂടെ ആഗ്രഹിച്ചിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാലത്ത് കേരളവും ജനങ്ങളും ക്ഷീണിച്ചിട്ടില്ല. ഇന്ത്യയിലെ ഏറ്റവും നമ്പർ വൺ സംസ്ഥാനമായി കേരളം മാറിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കഠിന പ്രയത്‌നമുണ്ടെന്നും” പ്രതിഭ ചൂണ്ടിക്കാട്ടി. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ :-

കായംകുളത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

ഒരുപാട് പ്രഗത്ഭരായ വ്യക്തികൾ കായംകുളം ഭരിച്ചിട്ടുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വൻ കുതിച്ചു ചാട്ടമാണ്.

സൈക്കിൾ മുതൽ കാർ വരെയുള്ള വീടുകളിലെ ആളുകൾ കായംകുളത്തെ വികസന മാതൃക തിരിച്ചറിഞ്ഞിട്ടുണ്ട്. റോഡ് വികസനത്തിന്റെ കാര്യത്തിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. ഇടുങ്ങിയ പാലങ്ങൾ പൊളിച്ചു പണിത് വലുതാക്കി മാറ്റി. സ്‌കൂൾ കെട്ടിടങ്ങൾ പുതുക്കി പണിതു. ആലപ്പുഴ ജില്ലയിലെ ആദ്യത്തെ ഹൈടെക്ക് വിദ്യാഭ്യാസ മണ്ഡലം കായംകുളമായിരുന്നു. ഗവൺമെന്റ് ഫണ്ടുകൾ കൃത്യമായി ഉപയോഗിച്ചും ബാക്കിയുള്ളവ എംഎൽഎ ഫണ്ടിൽ നിന്നുമാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ആർദ്രം മിഷൻ നന്നായി ഇടപെട്ട മണ്ഡലങ്ങളിൽ ഒന്നായിരുന്നു കായംകുളം നിയോജക മണ്ഡലം. ആറ് പിഎഫ്‌സി കളിൽ നാലിനും കെട്ടിടങ്ങളായി. എല്ലായിടത്തും ഡോക്ടറമാരും രോഗികൾക്കുള്ള മരുന്നും ലഭ്യമാണ്. ജനങ്ങളിൽ ഒരാളായി നിന്ന് പൊതു പ്രവർത്തനം നടത്തിയ നേതാക്കന്മാരാണ് ഇടതുപക്ഷത്തുള്ളത്. ആ പാതയിൽ തന്നെയാണ് ഞാനും സഞ്ചരിക്കുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെക്കറിച്ച് എന്താണ് അഭിപ്രായം?

കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ലിസ്റ്റ് തന്നെ വൈകിയാണ് പുറത്തിറക്കിയത്. വനിതാ പ്രാതിനിധ്യവും കുറവാണ്. ലതികാ സുഭാഷ് അടക്കമുള്ള നേതാക്കൾക്ക് സീറ്റ് നൽകാതിരുന്നത്, സജീവ ചർച്ചയിലുണ്ടായിരുന്നു. തർക്കമില്ലാതെ സ്ഥാനാർത്ഥി പട്ടികയിറക്കാൻ യുഡിഎഫിന് കഴിയാറില്ല. എന്നാൽ, സ്ഥാനാർത്ഥി പട്ടികയുടെ കാര്യത്തിൽ എൽഡിഎഫ് സുസജ്ജമായാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. മാത്രമല്ല, എൽഡിഎഫിന് ഒരു കേഡർ പാർട്ടി സിസ്റ്റവുമുണ്ട്. സ്ത്രീകളും യുവാക്കളുമടക്കം എല്ലാ വിഭാഗത്തിൽപെട്ടവരും ചേരുമ്പോഴാണ് ഒരു ഭരണം നന്നായി പോകുന്നത്.
അതിന് വലിയ പരിഗണന കൊടുത്തിരിക്കുന്നത് എൽഡിഎഫ് തന്നെയാണ്.

സംസ്ഥാനത്ത് തന്നെ ‘സെൻസേഷണലായാണ് ‘ കായംകുളത്ത് എതിർ സ്ഥാനാർത്ഥിയെ നിർണയിച്ചിരിക്കുന്നത്. ഇതിനെ എങ്ങനെയാണ് നോക്കികാണുന്നത്?

മാധ്യമങ്ങളടക്കം വലിയ പ്രചാരണമാണ് ഇതിന് നൽകുന്നത്. നമ്മൾ എന്താണെന്ന് നാട്ടിലെ ജനങ്ങൾക്ക് അറിയാം. വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട്. എന്നാൽ, കായംകുളത്ത്, രാഷ്ട്രീയത്തിന് പുറമേയുള്ള കാര്യങ്ങളാണ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. ഒരു സ്ഥാനാർത്ഥിയെ പറ്റിയും അപവാദ പ്രചാരണങ്ങൾ നടത്തരുത്. ഐക്യ ജനാധിപത്യ മുന്നണിയിൽ ചില വിഷമകരമായ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇത് ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും സ്ഥാനാർത്ഥിയെയും അപകീർത്തിപ്പെടുത്താനായി വലിയ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള പരിശ്രമങ്ങൾ നടക്കുമ്പോഴും, എന്നെ അറിയാവുന്ന ജനങ്ങളുള്ള മണ്ഡലത്തിൽ ഞാൻ ക്ഷേമ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുക തന്നെ ചെയ്യും. ജയിക്കുമെന്നുള്ള തികഞ്ഞ ആത്മ വിശ്വാസത്തിൽ തന്നെയാണ് മുന്നോട്ടും പോകുന്നത്.

പ്രതിഭയുടെ എതിർ സ്ഥാനാർത്ഥിയ്ക്ക് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് നടൻ സലിംകുമാറാണ് എന്തു തോന്നുന്നു ?

എനിക്ക് കെട്ടിവയ്ക്കാനുള്ള പണം നൽകിയത് ഡിവൈഎഫ്‌ഐയാണ്. മാത്രമല്ല തന്നോടൊപ്പം നിന്നത് അബ്രാഹ്മണ ശാന്തി നിയമനവുമായി ബന്ധപ്പെട്ടുള്ള സംഘടനയുമാണ്. ഒപ്പം ബാലസംഘം കൂട്ടുകാരുമുണ്ട്. താൻ ഏറ്റവും കൂടുതൽ വില കൽപ്പിക്കുന്നത് ഇതിനെയൊക്കെ തന്നെയാണ്.

സിനിമയും സിനിമ താരങ്ങളെയും ഇഷ്ടമാണ്. അവരെ അതിന്റേതായ രീതിയിൽ കണ്ട് ബഹുമാനിക്കാനാണ് ഇഷ്ടം. കൂടുതൽ അഭിനിവേശമൊന്നും ആരോടും തോന്നിയിട്ടില്ല. സിനിമ താരങ്ങൾ എല്ലാവരുടെയും ആളാണ്. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടെയോ പ്രതിനിനിധിയായി അവരെ കാണാൻ താൽപര്യമില്ല.

പാൽ വിറ്റ് കുടുംബം പുലർത്തുന്ന പെൺകുട്ടിയെന്ന ഇമേജ് എതിർ സ്ഥാനാർത്ഥിയ്ക്ക് ഗുണം ചെയ്യില്ലേ ?

എതിർ സ്ഥാനാർത്ഥിയ്ക്ക് അവരുടേതായ ക്യാമ്പയിനും ഞങ്ങൾക്ക് പ്രവർത്തനത്തിന്റെ ക്യാമ്പയിനുമാണ്. അവർക്ക് ഏത് രീതിയിലുള്ള ക്യാമ്പയിനും അവകാശമുണ്ട്. തെരഞ്ഞെടുപ്പിൽ മുന്നണികൾ തമ്മിലാണ് മത്സരിക്കുന്നത്. വികസനമാണ് തങ്ങളുടെ മുഖ മുദ്ര. വികസന പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് ജനങ്ങൾക്കിടയിലേക്ക് അഭിമാനത്തോടെ ഇറങ്ങി ചെല്ലുകയാണ് തങ്ങൾ ചെയ്യുന്നത്. എന്നാൽ, ഐക്യ ജനാധിപത്യ മുന്നണിക്ക് വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല. മറ്റുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് അവർ പറയുന്നത്. കൊവിഡ് കാലത്തും ഈ ഗവൺമെന്റ് ജനങ്ങളെ പട്ടിണിയ്ക്ക് ഇട്ടില്ല. പ്രായമായവരിലേക്ക് 1500 രൂപ പെൻഷൻ എത്തിച്ചു. ഇതൊക്കെയാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാവുന്നത്. തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം സിംപതിയല്ല, മറിച്ച് വികസനമാണ്. കായംകുളം മണ്ഡലത്തിൽ അതു വ്യക്തവുമാണ്.

ഏറ്റവും കൂടുതൽ ആളുകൾക്ക് കൊവിഡ് പരിശോധന ഉറപ്പു വരുത്തിയ മണ്ഡലമാണ് കായംകുളം. ഇതൊക്കെ ഗവൺമെന്റ് ചെയ്ത വികസന പ്രവർത്തനമാണ്. ഇതൊക്കെ മാധ്യമങ്ങൾ അടക്കം ചർച്ച ചെയ്യേണ്ടതാണ്. ഇടതു പക്ഷം സ്ഥാനാർത്ഥികളെ നിർത്തുന്നത് സ്ഥാനാർത്ഥികളുടെ ജീവിതം മെച്ചപ്പെടാനല്ല. ഞാൻ സ്ഥാനാർത്ഥിയായതിന് ശേഷം ജീവിത നിലവാരത്തിലും വരുമാനത്തിലും യാതൊരു ഹൈപ്പും ഉണ്ടായിട്ടില്ല.

2012 മുതൽ ഞാൻ സ്വർണാഭരണങ്ങൾ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ച ആളാണ്. തനിക്ക് അതിനോട് യാതൊരു വിധ അഭിനിവേശവും ഇല്ല. അങ്ങനെയുള്ള ഇഷ്ടങ്ങൾ, ആഭരണം വാങ്ങണമെന്നുള്ള താൽപര്യങ്ങളിലേക്ക് നയിക്കും. അതു കൊണ്ടു തന്നെയാണ് ഒഴിവായി നിന്നതും.

എന്നാൽ, ഇവിടെ ഇപ്പോൾ നടക്കുന്നതു പോലുള്ള ക്യാമ്പെയ്‌നുകൾ ആരും എവിടെയും നടത്തിയതായി മുൻപ് പറഞ്ഞ് കേട്ടിട്ടില്ല. വികസനം മാത്രമാണ് ഇടതു പക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനം സെറ്റ് ഇട്ട് ചെയ്യേണ്ട ഒന്നല്ല. അവരിൽ ഒരാളായി നിന്ന് ‘മെൽറ്റഡ്’ ആയി നിന്ന് ചെയ്യേണ്ട ഒന്നാണ്. അതിന്റെ സുഖം അനുഭവിച്ചറിയേണ്ടതു കൂടിയാണ്.

പഞ്ചായത്ത് മെമ്പർ ആയപ്പോൾ, ജനങ്ങളെ പഠിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോൾ ഒരു നാടിനെ പഠിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോൾ, ജില്ലയിലെ ഓരോ ചലനങ്ങളും അറിഞ്ഞു. എംഎൽഎ ആയപ്പോൾ ഓണാട്ടുകരയിലെ പ്രസിദ്ധമായ മണ്ഡലങ്ങളിൽ ഒന്നായ കായംകുളത്തെ ജനങ്ങളോടൊപ്പം നിൽക്കാനും കഴിഞ്ഞു. എന്റെ സാമ്പത്തികമോ, സാമ്പത്തികമില്ലായ്മയോ അല്ല തെരഞ്ഞെടുപ്പ് വിഷയം. നാട് ക്ഷീണിക്കരുതെന്നുള്ളതാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാവേണ്ടത്. സാമ്പത്തിക ഉന്നമനത്തിനായി ഒരാൾ രാഷ്ട്രീയത്തിലേക്ക് എത്തുന്നുവെന്ന സന്ദേശം നൽകുന്നത് തന്നെ, വലിയ തെറ്റാണ്.

സ്ത്രീ സാന്നിധ്യം ഇക്കുറി തെരഞ്ഞെടുപ്പിൽ എത്രത്തോളം ഉണ്ട് ?
ഇടതുപക്ഷം സത്രീകൾക്ക് പരിഗണന നൽകിയോ ?

അൻപത് ശതമാനം സംവരണം സ്ത്രീകൾക്ക് നൽകിയതോടു കൂടി സ്ത്രീ സമൂഹത്തിന് കേരളത്തിൽ ഒരു മേൽ കൈ വന്നു കഴിഞ്ഞു. അതേസമയം, 33ശതമാനം സംവരണം സ്ത്രീകൾക്ക് പാർലമെന്റിൽ പാസാക്കാൻ കഴിയാത്തവരാണ്, കേരളത്തിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് പറയുന്നത്. ഇക്കുറി ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ അണിനിരത്തിയിരിക്കുന്നത് ഇടതുപക്ഷമാണ്. മാത്രമല്ല, മിടക്കരായ രണ്ട് മന്ത്രിമാരെ കേരളത്തിന് സംഭാവന ചെയ്തതും ഇടതുപക്ഷമാണ്. കേരളമൊഴികെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടില്ല.

രാഷ്ട്രീയ രംഗത്ത് സ്ത്രീകൾക്ക് അവസരം കുറവാണെന്ന ആക്ഷേപമുണ്ടോ?

സ്ത്രീകൾക്ക് അവസരങ്ങൾ കൂടേണ്ടതായിട്ടുണ്ട്. പുരുഷനും സ്ത്രീയും തമ്മിൽ ജീവശാസ്ത്രപരമായി പ്രത്യേകതകൾ ഏറെയുണ്ട്. സംഘടനാ തലത്തിൽ പത്ത് പുരുഷന്മാർ ഉള്ളിടത്ത് ഒരു സ്ത്രീമാത്രമാണ് ഉള്ളത്. എന്നാൽ, നിയമസഭയ്ക്ക് അകത്ത് സ്ത്രീ- പുരുഷ വ്യത്യാസം അനുഭവപ്പെടാത്ത ഒരു വ്യക്തിയാണ് ഞാൻ. വിവേചനം പലപ്പോഴും സമൂഹത്തിലാണ്. അധികാര സ്ഥാനത്തേക്ക് എത്തുമ്പോൾ, ‘ആറ്റിറ്റിയൂഡ്’ വഴി സ്ത്രീ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.

ലതികാ സുഭാഷ് തല മുണ്ഡനം ചെയ്ത പ്രതിഷേധത്തെ എങ്ങനെ നോക്കി കാണുന്നു ?

ഇതിനു മുൻപും, ഇത്തരം സംഭവങ്ങൾ കേൺഗ്രസിൽ ഉണ്ടായിട്ടുണ്ട്. ‘വെള്ളം കോരാനും വിറക് വെട്ടാനുമാണോ ഞങ്ങൾ’ എന്ന ചോദ്യം കോൺഗ്രസ് വനിതാ നേതാവ് ഉന്നയിച്ചിരുന്നു. അങ്ങേയറ്റം പ്രതിഷേധം ഉന്നയിച്ചതിന്റെ ഫലമായിട്ടായിരിക്കും അവർ അത് ചെയ്തത്. പൊതു പ്രവർത്തന രംഗത്ത് വളരെക്കാലമായി സജീവമായി നിൽക്കുന്ന വ്യക്തിയാണ് ലതിക. ഈ സംഭവം ഇടതു പക്ഷ ജനാധിപത്യ മുന്നണിയിലാണ് നടന്നതെങ്കിൽ, ഐക്യ ജനാധിപത്യ മുന്നണി അത് ആളിക്കത്തിക്കുമായിരുന്നു. എന്നാൽ, തങ്ങൾ ഒരിക്കലും അതിനു ശ്രമിച്ചിട്ടില്ല.

ആലപ്പുഴയിൽ ഇക്കുറി എത്ര സീറ്റ് ലഭിക്കുമെന്നാണ് കരുതുന്നത്?

പുന്നപ്ര- വയലാർ സമരം നടന്ന മണ്ണാണിത്. അതുകൊണ്ട് തന്നെ ഇക്കുറി മുഴുവൻ സീറ്റും പ്രതീക്ഷിക്കുന്നു. നാട്ടിൽ വിശക്കുന്ന മനുഷ്യരുണ്ടോയെന്ന് ആദ്യമായി ചോദിച്ച ഗവൺമെന്റാണിത്. വിശപ്പു രഹിത കേരളം സൃഷ്ടിച്ചു. കഴിഞ്ഞ തവണ ആലപ്പുഴയിൽ എട്ട് സീറ്റാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പിൽ മാത്രമാണ് ഒന്ന് നഷ്ടപ്പെട്ടത്. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച്, ഒൻപത് സീറ്റും ഇടതു പക്ഷത്തിന് ലഭിക്കുമെന്ന തികഞ്ഞ ആത്മ വിശ്വാസമാണുള്ളത്.

എൽഡിഎഫിന് അധികാര തുടർച്ച ലഭിച്ചാലുള്ള കോൺഗ്രസിന്റെ അവസ്ഥ എന്താകും?

ശരിയായ രാഷ്ട്രീയ ആദർശം കേൺഗ്രസിന് നഷ്ടപ്പെട്ടു. കേരളത്തിന് പുറത്ത് കേൺഗ്രസിന് അധികാരം ലഭിച്ച ഇടങ്ങളിൽ, ബിജെപി മന്ത്രിസഭയാണ് നിലവിലുള്ളത്. കർണാടക, ഗോവ എന്നിവിടങ്ങളെല്ലാം ഇതിനുദാഹരണമാണ്. ജനങ്ങൾ ജയിപ്പിച്ച ജനപ്രതിനിധികൾക്ക് കാവലിരിക്കേണ്ട അവസ്ഥയാണ് കോൺഗ്രസിലുള്ളത്. ഒന്ന് കണ്ണ് കാണിച്ചാൽ മറ്റൊരു മുന്നണിയിലേക്ക് പ്രതിനിധികൾ പോകുന്ന അവസ്ഥയാണത്. ഗിമ്മിക്‌സ് അല്ല രാഷ്ട്രീയ പ്രവർത്തനം. ജനങ്ങളുമായി മെൽറ്റഡ് ആവണം. ദേശീയ തലത്തിൽ കോൺഗ്രസ് ഇനിയും മാറേണ്ടതുണ്ട്. എല്ലാ പാർട്ടികളും ജനങ്ങൾക്കായി പ്രവർത്തിക്കണം.

തലശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥി പത്രിക തള്ളുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ് എന്തു തോന്നുന്നു.?

ഇടതുപക്ഷം ജയിച്ചാൽ ജനങ്ങളാണ് ജയിക്കുന്നത്. ആ ജനങ്ങളെ തോൽപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയാൽ, അവരെ ജനങ്ങൾ തന്നെ തോൽപ്പിക്കും.

‘പുന്നപ്ര വയലാർ രക്ത സാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർത്ഥിയുടെ ‘പുഷ്പാർച്ചന’യെ കുറിച്ച് എന്താണ് നിലപാട്?

രക്ത സാക്ഷികളുടെ രക്തം വീണ ചുമന്ന മണ്ണ് എന്ന് ആലപ്പുഴയെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല. നമുക്ക് മുൻപെ നടന്നവർ ഏൽപ്പിച്ച ചെങ്കൊടി ഏതെങ്കിലും ഒരു ദിവസത്തേക്ക് ഉള്ളതല്ല. വിവാദങ്ങളുടെ പിന്നാലെ മാധ്യമങ്ങളും പോകരുതെന്നാണ് പറയാനുള്ളത്.

കൂട്ടുകാരുടെ ക്രൂരമായ പരിഹാസത്തിന് വിധേയനായി അമ്മയോട് തന്നെയൊന്ന് കൊന്നു തരുവെന്ന് പറഞ്ഞുള്ള ക്വാഡന്റെ കഥ സമൂഹത്തിന് പാഠമാകണമെന്നുള്ള ഫേസ് ബുക്ക് പോസ്റ്റിന് പിന്നിലെ വികാരം എന്താണ് ?

ബോഡി ഷെയിമിംഗ് ചെയ്യാൻ പാടില്ല. വ്യക്തികൾ സമൂഹത്തിന് എന്ത് സംഭാവന നൽകുന്നുവെന്നതാണ് നമ്മൾ കാണേണ്ടത്. അമ്മയെന്ന നിലയിൽ, ബോഡി ഷെയിമിംഗിന് ഇരയായ ഒരു കുഞ്ഞിന്റെ കരച്ചിൽ, എന്നെ വല്ലാതെ പിടിച്ചുലച്ചു. ഇത്തരം വിഷമങ്ങൾ സമൂഹത്തോട് പങ്കുവയ്ക്കാനാണ് ഞാൻ കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. മാനുഷാദാ എന്നുള്ള ക്യാമ്പെയ്‌നിന്റെ ഭാഗമാണത്. ഒരാളെയും വേദനിപ്പിക്കരുത്.

എന്തിനു വേണ്ടി ജനങ്ങൾ ഇക്കുറി പ്രതിഭയെ തെരഞ്ഞെടുക്കണം?

ജനങ്ങൾക്ക് വേണ്ടിയും കായംകുളത്തിന് വേണ്ടിയും തിരഞ്ഞെടുക്കണം. കായംകുളത്തിന് പുറത്തുള്ള സ്ത്രീകൾ പോലും തനിക്ക് സ്‌നേഹം തരുന്നുണ്ട്. സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമെന്നുള്ള വിശ്വാസമാണ് ആളുകളുടെ ഈ സ്‌നേഹത്തിന് പിന്നിലുള്ളത്. വിധവകളായ സ്ത്രീകൾക്കായി ഞാൻ കായംകുളത്ത് ഒരു പ്രോജക്ട് ചെയ്യുന്നുണ്ട്. വിധവകളായ സ്ത്രീകൾ സ്‌റ്റേറ്റിന്റെ മകളാണ്. വിധവയല്ല എന്ന ആശയമാണ് ഈ പ്രോജക്ടിലൂടെ ഉദ്ദേശിക്കുന്നത്.

അഭിമുഖം തയ്യാറാക്കിയത്
മനീഷ രാധാകൃഷ്ണൻ

Top