ബി.സി.സി.ഐ.യുടെ യോഗത്തില്‍ പങ്കെടുത്ത എന്‍.ശ്രീനിവാസന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ബി.സി.സി.ഐ.യുടെ പ്രത്യേക വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുത്ത മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസനും മുന്‍ സെക്രട്ടറി നിരഞ്ജന്‍ ഷായ്ക്കും സുപ്രീം കോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

സംസ്ഥാന അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഇവര്‍ അനധികൃതമായി യോഗത്തില്‍ പങ്കെടുത്തു എന്ന് കാണിച്ചാണ് കോടതിയുടെ നോട്ടീസ്.

ശ്രീനിവാസന്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനെയും നിരഞ്ജന്‍ ഷാ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെയും പ്രതിനിധീകരിച്ചാണ് യോഗത്തില്‍ പങ്കത്തടുത്തത്. ശ്രീനിവാസനെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു.

ഇവര്‍ ജൂണ്‍ ഇരുപത്തിയാറിന് നടന്ന പ്രത്യേക ജനറല്‍ബോഡി പങ്കെടുത്തതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

യോഗത്തില്‍ പങ്കെടുത്ത മറ്റംഗങ്ങളുടെ താത്പര്യങ്ങള്‍ ഹൈജാക്ക് ചെയ്യാനും ഇവര്‍ക്ക് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഇരുവര്‍ക്കും നോട്ടീസ് അയച്ചത്.

Top