കാശ്മീരില്‍ മത്സരത്തിനില്ലെന്ന് പാര്‍ട്ടികള്‍; പങ്കെടുക്കണമെന്ന് രാജ്‌നാഥ് സിംഗ്‌

Rajnath Singh

ന്യൂഡല്‍ഹി: എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ജമ്മുകാശ്മീര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും പിഡിപിയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്ലാവരും മത്സരിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി എത്തിയിരിക്കുന്നത്. ഭരണഘടനയുടെ 35എ വകുപ്പ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നത്.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെന്നും ജനങ്ങളുമായി സംവദിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്നും രാജ്‌നാഥ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1954ല്‍ രാഷ്ട്രപതി ഉത്തരവിനെത്തുടര്‍ന്ന് ജമ്മു-കാശ്മീര്‍ ജനതയ്ക്ക് പ്രത്യേക ഭരണഘടനാ പദവി നല്‍കുന്ന വകുപ്പാണ് 35എ.

സംസ്ഥാനത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയ്ക്ക് പൂര്‍വ്വിക സ്വത്തില്‍ അവകാശമില്ലെന്ന് ഈ വകുപ്പില്‍ പരാമര്‍ശിക്കുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ത്രിപുരയില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളാരും തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് 90ശതമാനത്തിലധികം സീറ്റുകളില്‍ ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് നമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാത്ത വിധം ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയാണെന്നാണ് സിപിഎം അടക്കം ആരോപിച്ചിരിക്കുന്നത്.

പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും ഇനിയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാന്റെ പെരമാറ്റം മാറ്റാന്‍ സാധിക്കില്ലെന്നും അതിര്‍ത്തി സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് സ്മാര്‍ട്ട് വേലി പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്തു. അതിര്‍ത്തി നിരീക്ഷണത്തിന് അത്യാധുനിക സജ്ജീകരണങ്ങള്‍ ഒരുക്കുന്നതാണ് പദ്ധതികള്‍.

അതിര്‍ത്തിയിലെ സൗകര്യ വികസനത്തിനായി കേന്ദ്രം കൂടുതല്‍ പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. 600 കിലോമീറ്റര്‍ റോഡ് വികസനം, നൂറ് കണക്കിന് സൈനിക പോസ്റ്റുകള്‍ തുടങ്ങിയവ ചര്‍ച്ചയിലാണ്.

Top