വെച്ചുപൊറുപ്പിക്കേണ്ട; കൊവിഡ്19 അടച്ചപൂട്ടല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി

കൊറോണാവൈറസ് മഹാമാരിയുടെ വെളിച്ചത്തില്‍ വിവിധ നഗരങ്ങളില്‍ പ്രഖ്യാപിക്കുന്ന അടച്ചുപൂട്ടല്‍ നടപടികള്‍ ശക്തമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. കൊവിഡ്19 ബാധിതരുടെ എണ്ണം 400 കടന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അടച്ചുപൂട്ടല്‍ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ തന്നെ സ്വീകരിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ‘പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളില്‍ അടച്ചുപൂട്ടല്‍ ശക്തമായി തന്നെ നടപ്പാക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും’, പ്രസ് ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ ട്വീറ്റില്‍ വ്യക്തമാക്കി.

അടച്ചുപൂട്ടല്‍ പ്രഖ്യാപനങ്ങള്‍ ചില ആളുകള്‍ ഗുരുതരമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ‘ലോക്ക്ഡൗണ്‍ ചിലര്‍ ഗുരുതരമായി കാണുന്നില്ല. സ്വയം രക്ഷിക്കാനും, കുടുംബത്തെ രക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. നിയമങ്ങളും, നിബന്ധനകളും കര്‍ശനമായി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കാനുള്ളത്’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാജ്യത്തെ 82 ജില്ലകളാണ് കൊവിഡ്19 പകര്‍ച്ചവ്യാധിയുടെ വെളിച്ചത്തില്‍ ലോക്ക്ഡൗണ്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ രാവിലെ 6 മുതല്‍ അടച്ചുപൂട്ടല്‍ ആരംഭിച്ചു. മാര്‍ച്ച് 31 വരെ അടച്ചുപൂട്ടല്‍ നീളും. പക്ഷെ പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ അമാന്തം കാണിക്കുന്ന അവസ്ഥയിലാണ് കേന്ദ്ര നിര്‍ദ്ദേശം.

Top