ഫെബ്രുവരി 24 ന് താജ്മഹല്‍ അടച്ചിടും; അടുത്തുള്ള വീടുകളില്‍ പോലും പരിശോധന

ന്യൂഡല്‍ഹി: ഫെബ്രുവരി 24 ന് താജ്മഹല്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് അറിയിപ്പ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ് തീരുമാനം. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് അന്നേദിവസം 12 മണി മുതല്‍ താജ്മഹല്‍ അടച്ചിടുന്നത്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ആഗ്ര ഡിവിഷന്‍ സൂപ്രണ്ട് വസന്ത് കുമാര്‍ സ്വര്‍ക്കര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം കനത്ത സുരക്ഷയാണ് ട്രംപിനും ഭാര്യക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നത്. താജ്മഹലിന്റെ പരിസരത്തുള്ള എല്ലാ വീടുകളും കടകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും പരിശോധനയക്ക് വിധേയമാക്കും. പരിശോധന പൂര്‍ത്തിയാക്കാന്‍ ചില പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിട്ടുണ്ട്. നിലവില്‍ പരിശോധനകള്‍ പൂര്‍ത്തിയാകാറായതായി സിറ്റി പൊലീസ് സൂപ്രണ്ട് രോഹന്‍ പ്രമോദ് പറഞ്ഞു. സുരക്ഷാ വീഴ്ച സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിശോധനയുടെ ഭാഗമായി തങ്ങളുടെ ആധാര്‍ കാര്‍ഡ് നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടതായി നഗരത്തിലെ പ്രാദേശിക കച്ചവടക്കാര്‍ പറഞ്ഞു. ഫെബ്രുവരി 24 മുതല്‍ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനാണ് ഡൊണാള്‍ഡ് ട്രംപ് എത്തുന്നത്. അദ്ദേഹത്തിന്റെ പ്രത്യേക വാഹനത്തിലായിരിക്കും ഇന്ത്യയില്‍ യാത്രകള്‍ നടത്തുക.

Top