താജ്മഹല്‍ മസ്ജിദില്‍ സ്ത്രീകളെക്കൊണ്ട് പൂജ നടത്തിച്ച് സംഘപരിവാര്‍

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിപോലും ലംഘിച്ച് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കുന്നത് ബലം പ്രയോഗിച്ച് തടയുന്ന സംഘപരിവാര്‍, താജ് മഹല്‍ പരിസരത്തെ പള്ളിയില്‍ സ്ത്രീകളെകൊണ്ട് പൂജ നടത്തിച്ച് കലാപത്തിന് കനലൊരുക്കുന്നു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കൈവശമുള്ള താജ്മഹല്‍ പരിസരത്തെ പള്ളിയിലാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ മൂന്നു വനിതകള്‍ ഗംഗാജലം തളിച്ച് പൂജ നടത്തിയത്. താജ്മഹല്‍ തേജോമയ എന്ന ശിവക്ഷേത്രമാണെന്നും പൂജനടത്താന്‍ അവകാശമുണ്ടെന്നുമാണ് ഇവര്‍ പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഇവിടെ നിസ്‌ക്കാരം നിരോധിച്ചിരുന്നു. നേരത്തെ വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌ക്കാരം മാത്രമാണ് അനുവദിച്ചത്. പിന്നീട് അതും നിരോധിക്കുകയായിരുന്നു. സമീപവാസികളല്ലാത്തവരെ ഇവിടെ നിസ്‌ക്കരിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. ജുമുഅയുടെ സമയത്ത് പ്രവേശന കവാടം അടച്ചിട്ടും തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് പ്രദേശവാസികള്‍ ഇവിടെ നിസ്‌ക്കരിച്ചിരുന്നു.

ഇതിനെതിരെയാണ് പൂജ നടത്തി സംഘപരിവാര്‍ പ്രകോപനം സൃഷ്ടിച്ചത്. കുപ്പിയില്‍ കൊണ്ടുവന്ന ഗംഗാജലം തളിച്ച് പൂജനടത്തി പള്ളിയില്‍ ജയ്ശ്രീറാം വിളികളും മുഴക്കി. ഒരാള്‍ ഇത് മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തി. പൂജാ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

bjp11

‘ചിലര്‍ തേജോമഹാലയെ മലിനമാക്കി, ഗംഗാജലംകൊണ്ട് ഞങ്ങള്‍ അതിനെ ശുദ്ധമാക്കി’ എന്നാണ് പൂജയില്‍ പങ്കെടുത്ത മീനാദേവി ദിവാകര്‍ പ്രതികരിച്ചത്. മുസ്‌ലീങ്ങള്‍ നമസ്‌ക്കരിക്കുകയാണെങ്കില്‍ ഞങ്ങള്‍ പൂജ തുടരുകയും ചെയ്യുമെന്ന് വ്യക്തമാക്കി. 400 വര്‍ഷമായി പള്ളിയില്‍ നിസ്‌ക്കാരം നടന്നു വരുന്നുണ്ടെന്നും ശവകുടീരങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട നിയമം 1958ലാണ് നിലവില്‍ വന്നതെന്നും വിശ്വാസം അനുസരിച്ച് പ്രാര്‍ത്ഥിക്കാന്‍ അനുമതി വേണമെന്നും താജ്മഹല്‍ മസ്ജിദ് കമ്മിറ്റി സദര്‍ സയ്യിദ് ഇബ്രാഹിം സൈതി പറഞ്ഞു.

ഇവിടെയുണ്ടായിരുന്ന ശിവക്ഷേത്രം തകര്‍ത്താണ് മുഗള്‍രാജാക്കന്‍മാര്‍ താജ്മഹല്‍ പണിതതെന്നാണ് സംഘപരിവാറിന്റെ അവകാശവാദം. അതേസമയം പൂജനടത്തിയതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നാണ് സി.ഐ.എസ്.എഫ് കമാണ്ടന്റ് ബ്രജ് ഭൂഷണ്‍ പ്രതികരിച്ചത്.

insert

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ആദ്യം അനുകൂലിക്കുകയും വിശ്വാസികളുടെ വികാരവും രാഷ്ട്രീയ മുതലെടുപ്പും കണക്കിലെടുത്ത് പിന്നീട് എതിര്‍ക്കുകയും ചെയ്യുകയായിരുന്നു ബി.ജെ.പിയും സംഘപിവാറും. ശബരിമലയിലെത്തുന്ന സ്ത്രീകളെ കായികപരമായിപ്പോലും നേരിട്ടു.

ശബരിമല ദര്‍ശനത്തിനായെത്തിയ സാമൂഹ്യ പ്രവര്‍ത്തക തൃപ്തിദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെ വിമാനത്താവളം ഉപരോധിച്ച് മടക്കി അയക്കുകയായിരുന്നു. ശബരിമലയില്‍ വിശ്വാസസംരക്ഷണത്തിനായി നിയമം കൈയ്യിലെടുക്കുകയും താജ്മഹലില്‍ മുസ്‌ലീങ്ങളുടെ വിശ്വാസം ഹനിക്കാന്‍ പൂജനടത്തി പ്രകോപനം സൃഷ്ടിച്ച് കലാപത്തിന് വഴിയൊരുക്കുകയുമാണ് സംഘപരിവാര്‍.

റിപ്പോര്‍ട്ട്: എ.റ്റി അശ്വതി

Top