താജ്മഹലിന്റെ ഉടമസ്ഥാവകാശം: ഷാജഹാന്റെ ഒപ്പുകൊണ്ടുവരാന്‍ സുപ്രീകോടതി ഉത്തരവ്‌

ന്യൂഡല്‍ഹി: താജ്മഹലിന്റെ അവകാശതര്‍ക്കത്തിനിടെ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡും ഈ വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഷാജഹാന്‍ താജ്മഹലിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന വഖഫ് ബോര്‍ഡിന്റെ വാദത്തിലാണ് സുപ്രീം കോടതി ഉത്തരവ്.

ഷാജഹാന്റെ ഒപ്പുള്ള രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച സമയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഷാജഹാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ താജ്മഹല്‍ വഖഫിന്റെ കീഴിലാണെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ വി വി ഗിരി വാദിച്ചു. അപ്പോഴാണ് ഷാജഹാന്റെ ഒപ്പ് കൊണ്ടുവരാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ ഷാജഹാന്റെ കാലത്ത് വഖഫ് ബോര്‍ഡ് രൂപീകരിച്ചിട്ടില്ലെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ എഡിഎന്‍ റാവു പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Top