താജ്മഹലില്‍ പൂജ നടത്തുമെന്ന് ശിവസേനയുടെ വെല്ലുവിളി; സുരക്ഷ ഒരുക്കി ജില്ലാ ഭരണകൂടം

tajmahal

ന്യൂഡല്‍ഹി: താജ്മഹലില്‍ പൂജ നടത്തുമെന്ന ശിവസേനയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് സുരക്ഷ ഒരുക്കി ജില്ലാ ഭരണകൂടം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ( എ.എസ്.ഐ) ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്. സാവന്‍ മാസത്തിലെ എല്ലാ തിങ്കളഴാഴ്ചയും തങ്ങള്‍ താജ്മഹലില്‍ ആരതി പൂജ നടത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. എന്നാല്‍ പുരാതന സ്മാരകങ്ങളിലോ, പുരാവസ്തുവകകളിലോ യാതൊരു തരത്തിലുമുള്ള മതപരമായ ആചാരങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയില്ലെന്നാണ് എ.എസ്.ഐ പറയുന്നത്.

1958ലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ ആക്ടിനെതിരാണ് ഇത്തരത്തിലുള്ള പ്രവൃത്തിളെന്നും
,ജില്ലാ ഭരണകൂടത്തിന് നല്‍കിയ കത്തില്‍ എ.എസ്.ഐ വ്യക്തമാക്കുന്നു.

‘ആഗ്രയിലെ ശിവസേന നേതാവായ വീനു ലവാനിയയാണ് താജ് മഹല്‍ വിഷയത്തില്‍ ജില്ലാ ഭരണകൂടത്തെയും പൊലീസിനെയും വെല്ലുവിളിച്ചത്. താജ് മഹല്‍ ഒരു ശവകുടീരമല്ല. ശിവക്ഷേത്രമായ തേജ് മഹല്‍ ആണത്. തേജ്മഹലില്‍ ഞങ്ങള്‍ എല്ലാ തിങ്കളാഴ്ചയും ആരതി പൂജ നടത്തും. ധൈര്യമുണ്ടെങ്കില്‍ തടയാം’- ഇതായിരുന്നു ശിവസേന നേതാവിന്റെ വെല്ലുവിളി.

അതേസമയം, നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ.പി സിംഗ് പറഞ്ഞു. ഭീഷണികള്‍ തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ കൈകൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെയും താജ്മഹലില്‍ പൂജ നടത്തുന്നതിനായി ശിവസേന ശ്രമം നടത്തിയിട്ടുണ്ട്. 2008ല്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ താജ്മഹലിനകത്ത് പരിക്രമണ പൂജയ്ക്ക് ശ്രമിച്ചത് സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് അറസ്റ്റിലും വഴിവച്ചിരുന്നു. ശിവ ക്ഷേത്രമായിരുന്ന തേജോമഹലിനെ തകര്‍ത്തുകൊണ്ടാണ് പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ താജ്മഹല്‍ പണിതതെന്നാണ് ശിവസേന വാദിക്കുന്നത്.

Top