തായ്‌വാന്റെ മുന്നറിയിപ്പ് കേട്ടില്ല; കൊറോണയില്‍ ‘പ്രതിക്കൂട്ടിലായി’ ലോകാരോഗ്യ സംഘടന

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ വൈറസ് വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്ക് പടരുമെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് ഡിസംബറില്‍ തന്നെ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വ്യക്തമാക്കി തായ്‌വാന്‍. വൈറസ് ഉയര്‍ന്ന തോതില്‍ പടരുന്നതാണെന്ന സൂചന അന്താരാഷ്ട്ര ആരോഗ്യ സംഘടന അവഗണിച്ചെന്നാണ് ആരോപണം ഉയരുന്നത്. ഇതുമൂലം മഹാമാരിക്ക് എതിരായ ലോകത്തിന്റെ പ്രതികരണമാണ് വൈകിയെന്ന വെളിപ്പെടുത്തല്‍ ലോകാരോഗ്യ സംഘടനയെ പ്രതിക്കൂട്ടിലാക്കുകയാണ്.

കൊറോണാവൈറസിന്റെ യാഥാര്‍ത്ഥ്യം മറച്ചുവെച്ച ചൈന പകര്‍ച്ചവ്യാധി കൈകാര്യം ചെയ്തതിനെ പ്രശംസിച്ച നടപടിക്ക് വിമര്‍ശനം ഏറ്റുവാങ്ങുന്നതിന് ഇടയിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ചൈന മെയിന്‍ലാന്‍ഡിലെ സഹജീവനക്കാരില്‍ നിന്നാണ് തങ്ങളുടെ ഡോക്ടര്‍മാര്‍ വൈറസ് സംബന്ധിച്ച് മനസ്സിലാക്കിയതെന്ന് തായ്‌വാന്‍ വൈസ് പ്രസിഡന്റ് ചെന്‍ ചിയെന്‍ ജെന്‍ വ്യക്തമാക്കി. മെഡിക്കല്‍ ജീവനക്കാര്‍ രോഗബാധിതരാകുന്നുവെന്ന് മനസ്സിലാക്കിയതോടെ ഇത് വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്ക് പടരുന്ന സൂചന തിരിച്ചറിഞ്ഞ് ഡിസംബര്‍ 31ന് തായ്‌പേയി അധികൃതര്‍ വിവരം ചൈനയെയും, ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിനെയും അറിയിച്ചു.

പകര്‍ച്ചവ്യാധി തടയാനും, പ്രതികരണം ഉറപ്പാക്കാനും പ്രവര്‍ത്തിക്കുന്ന 196 രാജ്യങ്ങള്‍ ചേര്‍ന്നുള്ള ലോകാരോഗ്യ സംഘടനയുടെ സംവിധാനമാണ് ഐഎച്ച്ആര്‍. എന്നാല്‍ തായ്‌വാന്റെ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. ചൈനയുടെ ആരോഗ്യ മന്ത്രാലയം മനുഷ്യരില്‍ രോഗം കൈമാറുന്നതായി സ്ഥിരീകരിക്കുന്നത് ജനുവരി 20ന് മാത്രമാണ്. ‘ഐഎച്ച്ആര്‍ ആഭ്യന്തര വെബ്‌സൈറ്റില്‍ എല്ലാ രാജ്യങ്ങള്‍ക്കും വിവരങ്ങള്‍ പങ്കുവെയ്ക്കാനുള്ള സംവിധാനമുണ്ട്. എന്നാല്‍ ഞങ്ങളുടെ രാജ്യം പങ്കുവെച്ച വിവരം അവിടെ നിന്നും ഒഴിവാക്കി’, തായ്‌വാന്‍ വൈസ് പ്രസിഡന്റ് ചെന്‍ ചിയെന്‍ ജെന്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.

തായ്‌വാന്‍ ലോകാരോഗ്യ സംഘടനയില്‍ അംഗമല്ല. തങ്ങളുടെ അതിര്‍ത്തിക്ക് അകത്താണെന്ന് ചൈന അവകാശപ്പെടുന്നതാണ് ഇതിന് കാരണം. തായ്‌വാനെ സ്വതന്ത്ര രാജ്യമായി കണക്കാക്കാന്‍ ചൈന ആഗ്രഹിക്കുന്നില്ല. ഈ വെളിപ്പെടുത്തലുകള്‍ വിരല്‍ ചൂണ്ടുന്നത് ആഗോള ശക്തിയാകാനുള്ള ചൈനയുടെ അത്യാഗ്രഹം ഈ പകര്‍ച്ചവ്യാധിയില്‍ വലിയ പങ്കുവഹിച്ചുവെന്ന് തന്നെയാണ്. തങ്ങളുടെ സ്വന്തമെന്ന് പറയുന്ന കൊച്ചുരാജ്യമായ തായ്‌വാന്റെ സഹായകരമായ വിവരം ലോകത്തിന് മുന്നില്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകാതെ ചൈനയും, ലോകാരോഗ്യ സംഘടനയുമാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്.

Top