ചൈനയുടെ കടന്നാക്രമണം തടുക്കാൻ സന്നാഹങ്ങൾ ഒരുക്കി തായ്‌വാൻ

തായ്‌വാൻ : കയ്യേറ്റങ്ങൾ ശീലമാക്കിയ ചൈനയെ പ്രതിരോധിക്കാൻ വൻ സന്നാഹമൊരുക്കി തയ്‍വാൻ. അത്യാധുനിക അന്തർവാഹിനികൾ ഉൾപ്പെടെ നിർമിച്ചാണു തയ്‍വാൻ പ്രതിരോധശേഷി കൂട്ടുന്നത്. ദ്വീപ് അക്രമിക്കാനോ നാവിക ഉപരോധം ഏർപ്പെടുത്താനോ ഉള്ള ചൈനീസ് സാധ്യതകളെയും സേനാ പദ്ധതികളെയും തയ്‍വാന്റെ നീക്കം സങ്കീർണമാക്കുമെന്നു നയതന്ത്ര, പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ചരിത്രപരമായ നാഴികക്കല്ല് എന്നാണു പദ്ധതിയെ തയ്‍വാൻ പ്രസിഡന്റ് സായ് ഇങ് വെന്‍ വിശേഷിപ്പിച്ചതും.
ആദ്യഘട്ടമായി, 2025ൽ സമുദ്ര പരീക്ഷണങ്ങൾ ലക്ഷ്യമിട്ട്, തെക്കൻ തുറമുഖ നഗരമായ കഹ്‌സിയൂങിൽ എട്ട് പുതിയ അന്തർവാഹിനികളുടെ നിർമാണം ആരംഭിച്ചു.

പദ്ധതിക്കു തുടക്കം കുറിക്കുന്ന ചടങ്ങിൽ, ലോകത്തിനുമുന്നിൽ തയ്‌വാന്റെ ഇച്ഛാശക്തി പ്രകടമാക്കുന്ന അവസരമാണിതെന്നു പറഞ്ഞ പ്രസിഡന്റ്, ചരിത്രപരമായ നാഴികക്കല്ലാണിതെന്നും വ്യക്തമാക്കി. എന്നാൽ ഏഴു പതിറ്റാണ്ടിലേറെയായി വെവ്വേറെ ഭരണമാണെങ്കിലും തെക്കുകിഴക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ദ്വീപ് രാജ്യമായ തയ്‍വാനിൽ പൂർണ പരമാധികാരമാണു ചൈന അവകാശപ്പെടുന്നത്.

Top