taitaniyum case; kodiyeri and umman chandy

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്റിലെ കമ്പനിക്ക് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നുവെന്ന കേസാണിത്.

അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ പതിനൊന്ന് പേരെ പ്രതിയാക്കി തുടരന്വേഷണം നടത്താമെന്നായിരുന്നു വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിന് താല്‍ക്കാലികമായി ലഭിച്ച സ്റ്റേയാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയുടെ കേസ് പരിഗണിക്കവെ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം ഇവിടെ പ്രസക്തമാണ്. വിജിലന്‍സ് അന്വേഷണം നേരിടുന്ന മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന വ്യക്തമായ സന്ദേശമായിരുന്നു ഹൈക്കോടതി അന്ന് നല്‍കിയത്.

ടൈറ്റാനിയം കേസിലും സമാനമായ സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സോളാര്‍ കമ്മിഷന് മുമ്പാകെ മുഖ്യമന്ത്രിയെ വിസ്തരിക്കാന്‍ പോവുകയാണ്.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.ബാബുവിന്റെ കേസ് പരിഗണിക്കവെ വിജിലന്‍സ് സംവിധാനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. മന്ത്രിമാര്‍ക്കെതിരായ അഴിമതിയാരോപണത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്ന് വരെ കോടതിക്ക് പറയേണ്ടിവന്നു.

Top