“ജീവിത പങ്കാളി കളങ്കിതന്‍’ ;പ്രിയങ്കയ്ക്ക് എതിരെ ബി.ജെ.പിയുടെ മാസ് പ്രതികരണം

പട്‌ന: എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിന് പിന്നാലെ പ്രിയങ്കയെ വിടാതെ ആക്രമിച്ച് ബിജെപി. കളങ്കിതനായ ജീവിതപങ്കാളിയുള്ള സ്ത്രീയെ നേതൃത്വത്തിലേക്ക് എത്തിച്ചതില്‍ കോണ്‍ഗ്രസ് സന്തോഷിക്കുകയാണെന്നായിരുന്നു ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി പറഞ്ഞത്.

പ്രിയങ്കയുടെ ബിസിനസുകാരനായ ഭര്‍ത്താവ് രണ്ടു സംസ്ഥാനങ്ങളിലായി അനധികൃത ഭൂമിയിടപാടുകള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കളങ്കിതനായ ജീവിത പങ്കാളിയുള്ള സ്ത്രീയെ നേതൃത്വത്തില്‍ കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് സന്തോഷം കണ്ടെത്തുന്നുവെങ്കില്‍ താന്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു സുശീല്‍ മോദി പറഞ്ഞത്.

ഇന്ത്യയിലെ അഴിമതിയുടെ മൂലകാരണം റോബര്‍ട്ട് വാദ്രയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. അഴിമതി നടത്താന്‍ ഗാന്ധി കുടുംബത്തിന് ഭരണഘടനാപരമായി അവകാശമുള്ളത് പോലെയാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ നിലപാടെന്നും ബി.ജെ.പി തുറന്നടിക്കുന്നു.

ഗുരുഗ്രാമിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ റോബര്‍ട്ട് വാദ്രക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗിനും എതിരെ 2018 സെപ്തംബറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വാദ്രയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ അടുത്തയിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡുകള്‍ നടത്തിയിരുന്നു. ഈ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്ത് വിടാനും നീക്കമുണ്ട്.

കഴിഞ്ഞ രണ്ട് യു.പി.എ ഭരണകാലത്തും സോണിയാ ഗാന്ധിയുടെ മരുമകന്‍ നടത്തിയ ഇടപാടുകള്‍ ചൂണ്ടിക്കാട്ടി പ്രിയങ്കയെ പ്രതിരോധിക്കുക എന്ന തന്ത്രമാണ് ബി.ജെ.പിയുടേത്. പ്രിയങ്കയിലൂടെ രാജ്യം ഭരിക്കാനുള്ള റോബര്‍ട്ട് വാദ്രയുടെ നീക്കം എന്ത് വിലകൊടുത്തും പരാജയപ്പെടുത്തുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.

Top