ജോളിക്ക് വേണ്ടി വ്യാജരേഖകള്‍ ചമച്ച സംഭവം: തഹസില്‍ദാര്‍ ജയശ്രീയെ ചോദ്യം ചെയ്യുന്നു

കോഴിക്കോട്: വ്യാജരേഖകള്‍ ഉപയോഗിച്ച് നികുതിയടക്കാന്‍ ജോളിയെ സഹായിച്ച കേസില്‍ ജയശ്രീക്കെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. റവന്യൂ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് ഡെപ്യൂട്ടി കളക്ടര്‍ സി ബിജു ജയശ്രീയെ ചോദ്യം ചെയ്യുന്നത്.

ജില്ലാ കളക്ടര്‍ വി സാംബശിവ റാവുവിനോട് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പൊലീസ് റിപ്പോര്‍ട്ടും, നിലവില്‍ ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും എടുത്ത് ക്രോഡീകരിച്ച ശേഷം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് റവന്യൂ മന്ത്രിക്ക് കൈമാറും.ഇതുമായി ബന്ധപ്പെട്ട് നാളെ കൂടത്തായി വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കുന്നുണ്ട്.

വ്യാജ വില്‍പത്രം ഉപയോഗിച്ച് പൊന്നാമറ്റം വീടും പുരയിടവും സ്വന്തം പേരിലേക്ക് മാറ്റിയ ജോളി ഒരു തവണ നികുതിയടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജോളിക്ക് നികുതി അടയ്ക്കാനായില്ല. സ്വത്ത് മാറ്റിയ വില്‍പത്രം വ്യാജമാണെന്ന് കാണിച്ച് ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരങ്ങളായ റെഞ്ചിയും റോജോയും നല്‍കിയ പരാതിയില്‍ വില്ലേജ് ഓഫീസ് അന്വേഷണം നടത്തി. ഒസ്യത്ത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.എന്നാല്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് ഇപ്പോള്‍ വില്ലേജോഫീസിലില്ല. കാണാനില്ലെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുക. നേരത്തേ കൂടത്തായി വില്ലേജോഫീസില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.

കൂടത്തായിയിലെ മുസ്ലീം ലീഗ് ശാഖാ പ്രസിഡന്റ് ഇമ്പിച്ചി മൊയ്ദീന്‍ വഴി ഭൂമിയുടെ നികുതി അടയ്ക്കാന്‍ ജോളി ഒരു തവണ ശ്രമിച്ചിരുന്നു. എന്നാലിത് നടന്നില്ല. പിന്നീട് നികുതി അടച്ചത് ജയശ്രീയുമായി ബന്ധം സ്ഥാപിച്ചായിരിക്കണമെന്നാണ് പൊലീസ് കരുതുന്നത്. ജോളിയുമായി ജയശ്രീയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ജോളി സ്ഥിരമായി ജയശ്രീയുടെ വീട്ടിലെത്തിയിരുന്നു. ജോളി ഷാജുവിനെ വിവാഹം കഴിക്കുമ്പോള്‍ വിവാഹച്ചടങ്ങിലും ജയശ്രീ പങ്കെടുത്തിരുന്നു.ബാലുശ്ശേരിയിലെ ജയശ്രീയുടെ വീട്ടിലെത്തി പൊലീസ് ഇവരില്‍ നിന്ന് മൊഴി എടുത്തിരുന്നു. ഈ പൊലീസന്വേഷണത്തിന് സമാന്തരമായാണ് വകുപ്പ് തല അന്വേഷണവും നീളുന്നത്.

Top