മുംബൈ ഭീകരാക്രമണം;തഹാവുര്‍ ഹുസൈന്‍ റാണയെ വീണ്ടും അറസ്റ്റ് ചെയ്തു

വാഷിങ്ടന്‍: 2008 മുംബൈ ഭീകരാക്രമണക്കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന തഹാവുര്‍ ഹുസൈന്‍ റാണയെ ലോസ് ഏഞ്ചല്‍സില്‍ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ പത്തു വര്‍ഷമായി സതേണ്‍ കലിഫോര്‍ണിയയിലെ ടെര്‍മിനല്‍ ഐലന്റ് ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന 59 കാരനായ തഹവൂര്‍ റാണ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്.

1997 ല്‍ ഒപ്പുവച്ച ഉഭയകക്ഷി കൈമാറല്‍ ഉടമ്പടി പ്രകാരം തഹവൂര്‍ റാണയെ കൈമാറാന്‍ ഉദ്ദേശിച്ച് അറസ്റ്റ് ചെയ്യാനും തടങ്കലില്‍ വയ്ക്കാനും ഇന്ത്യന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് യുഎസ് അറ്റോര്‍ണി ജോണ്‍ ജെ ലുലെജിയന്‍ കോടതിയെ അറിയിച്ചു. റാണയുടെ 14 വര്‍ഷത്തെ ജയില്‍ ശിക്ഷ അവസാനിക്കുന്നത് 2021 ഡിസംബറിലാണ്. ഇതിനു മുമ്പു തന്നെ റാണയെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്നു സൂചനകള്‍ ഉണ്ടായിരുന്നു.

അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ചിക്കാഗോ സ്വദേശിയായ റാണയെ 2009-ലാണ് അറസ്റ്റ് ചെയ്തത്. 2013-ല്‍ റാണയ്ക്ക് 14 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

Top