യുഎപിഎയില്‍ സിപിഎം ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് താഹ ഫസല്‍

കോഴിക്കോട്: യുഎപിഎ നിയമത്തില്‍ സിപിഎം രണ്ടുതരം നിലപാട് അവസാനിപ്പിക്കണമെന്ന് പന്തീരാങ്കാവ് കേസില്‍ ജയില്‍ മോചിതനായ താഹ ഫസല്‍. കമ്യൂണിസ്റ്റ് ഭരണകൂടമാണെന്ന് പറഞ്ഞതു കൊണ്ട് കാര്യമില്ല. രാഷ്ട്രീയം ഉപേക്ഷിക്കില്ല, പഠനം തുടരുമെന്നും ആക്ടിവിസ്റ്റായി തന്നെ മുന്നോട്ടു പോകുമെന്നും താഹ പറഞ്ഞു.

വിയ്യൂര്‍ ജയിലില്‍ നിന്നിറങ്ങിയ താഹ, രാത്രി 11 മണിയോടെയാണ് പന്തീരാങ്കാവിലെ വീട്ടിലെത്തിയത്. 10 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് താഹ സ്വന്തം വീട്ടിലേക്ക് എത്തുന്നത്. ഉമ്മയും ബാപ്പയും സഹോദരനുമെല്ലാം താഹയെ കൂട്ടാന്‍ വിയ്യൂര്‍ ജയിലില്‍ എത്തിയിരുന്നു. ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്ന താഹ, വിശ്വസിച്ച പാര്‍ട്ടിയുടെ ഇരട്ടത്താപ്പിനെതിരെ വിമര്‍ശനമുന്നയിച്ചു.

വ്യാഴാഴ്ചയാണ് സുപ്രീം കോടതി താഹയ്ക്ക് ജാമ്യം അനുവദിച്ചത്. സര്‍ക്കാരിനുള്ള തിരിച്ചടിയാണു സുപ്രീം കോടതി ഇടപെടലെന്നും സിപിഎമ്മിന്റെ ഒരു സഹായവും തനിക്കു ലഭിച്ചില്ലെന്നും ജയിലില്‍ നിന്നിറങ്ങിയതിനു തൊട്ടുപിന്നാലെ താഹ മാധ്യമങ്ങളോടു പ്രതികരിച്ചു. നാട്ടിലുള്ള സിപിഎം പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെടാറുണ്ട്. വീട്ടിലേക്കു സഹായങ്ങള്‍ ചെയ്യാറുമുണ്ട്. അല്ലാതെ പാര്‍ട്ടി തലത്തില്‍ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും താഹ പറഞ്ഞു.

 

Top