സി.പി.എമ്മും തെറ്റുതിരുത്തൽ നടപടിക്ക്, വെള്ളാപ്പള്ളിയെയും പാർട്ടി കൈവിട്ടു !

ടുവില്‍ ആ സത്യം ആലപ്പുഴയിലെ സി.പി.എം സ്ഥാനാര്‍ത്ഥി തന്നെ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. വെള്ളാപ്പള്ളിയാണ് വില്ലനെന്ന്… തന്റെ കഴിവു കൊണ്ടാണ് ആരിഫ് ജയിച്ചതെന്ന വെള്ളാപ്പള്ളിയുടെ വാദത്തിനുള്ള മറുപടിയാണിത്.

ആരിഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്നതായിരുന്നു വെള്ളാപ്പള്ളിയുടെ വീര വാദം. ഈ വാക്കുകള്‍ തനിക്ക് ദോഷം ചെയ്തതായാണ് ആരിഫിന്റെ വെളിപ്പെടുത്തല്‍.

വെള്ളാപ്പള്ളിയുടെ ഈ ചലഞ്ച് വോട്ടര്‍മാരില്‍ പ്രകോപനം സൃഷ്ടിക്കുന്നതായിരുന്നു. അപകടം മുന്നില്‍ കണ്ട് ആരിഫും സി.പി.എമ്മും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അതല്ലായിരുന്നു എങ്കില്‍ യു ഡി എഫിന് ട്വന്റി ട്വന്റി വിജയം സാധ്യമാകുമായിരുന്നു. വെള്ളാപ്പള്ളിയെ നവോത്ഥാന സംഘടനയുടെ തലപ്പത്ത് പ്രതിഷ്ടിച്ചതും ഇപ്പോള്‍ സര്‍ക്കാറിന് തലവേദനയായിരിക്കുകയാണ്. വെള്ളാപ്പള്ളിയോട് ഒരു സഹകരണവും വേണ്ടന്ന നിലപാടിനോടാണ് സി.പി.എമ്മില്‍ പ്രാമുഖ്യം.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയാണെങ്കിലും വെള്ളാപ്പള്ളി നടേശനെ സ്വന്തം സമുദായത്തിലെ തന്നെ ഭൂരിപക്ഷവും അംഗീകരിക്കുന്നില്ല. നടേശനും മകന്‍ തുഷാറും അവസരവാദ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന നിലപാടിലാണ് സമുദായംഗങ്ങള്‍. ഇതര സമുദായത്തില്‍പ്പെട്ടവരുടെ പിന്തുണ പോലും വെള്ളാപ്പള്ളി സഹകരണത്തിന്റെ പേരില്‍ നഷ്ടമായെന്ന ആശങ്ക സി.പി.എമ്മിനും ഉണ്ട്. ഉപതിരഞ്ഞെടുപ്പുകള്‍ കൂടി വരുന്നതിനാല്‍ സൂക്ഷിച്ച് കാര്യങ്ങളില്‍ ഇടപെടാനാണ് പാര്‍ട്ടി തീരുമാനം. പരാജയത്തിന്റെ കാരണങ്ങള്‍ താഴെ തട്ടു മുതല്‍ വിലയിരുത്തും. ഇതിനായി ബ്രാഞ്ച് കമ്മറ്റികള്‍ മുതല്‍ വിളിച്ചു ചേര്‍ക്കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മറ്റികള്‍ ഇതിനകം തന്നെ വിശകലനം തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ക്കൊപ്പം തന്നെ ഭൂരിപക്ഷ വോട്ടുകളും നഷ്ടമായതായാണ് പ്രാഥമിക വിലയിരുത്തല്‍. ശബരിമല വിഷയം കൈകാരും ചെയ്ത രീതി സി.പി.എം പ്രവര്‍ത്തകരില്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇപ്പോള്‍ പി.ബി കൂടി സമാന നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ എടുത്ത് ചാടിയുള്ള ഒരു നിലപാടിനും സി.പി.എം സംസ്ഥാനഘടകം തയ്യാറാകില്ല. ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത്മാത്രമാണ് പ്രധാനലക്ഷ്യം.


ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറ് നിയമസഭ സീറ്റുകളില്‍ അരൂര്‍ മാത്രമാണ് നിലവില്‍ ഇടതിന്റെ സിറ്റിംഗ് സീറ്റ് . ഇവിടെ ഷാനിമോള്‍ ഉസ്മാനാണ് മേധാവിത്വം ലഭിച്ചിരിക്കുന്നത്. ആരിഫിന് കഴിഞ്ഞ തവണ ലഭിച്ചിരുന്ന 38,519 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം അട്ടിമറിച്ച് ഷാനിമോള്‍ 648 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്തിരുന്നത്. ഇത് മറികടക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന്‍ 1,87,729 വോട്ടുകളാണ് പിടിച്ചിരുന്നത്. രമേശ് ചെന്നിത്തല 18,621 വോട്ടുകള്‍ക്ക് വിജയിച്ച ഹരിപ്പാട്ട് ഷാനിമോള്‍ ഉസ്മാന് 5844 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.എസ് രാധാകൃഷ്ണന് 26,238 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഹരിപ്പാട്ട് ഐ ഗ്രൂപ്പ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയെന്ന് വ്യക്തം. എല്‍.ഡി.എഫ് പോലും ഹരിപ്പാട്ട് ഷാനിമോള്‍ക്ക് 15,000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിച്ചിരുന്നത്.

ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലപ്പുഴയില്‍ മന്ത്രിമാരായ തോമസ് ഐസക്ക്, ജി, സുധാകരന്‍, സ്ഥാനാര്‍ത്ഥി ആരിഫ് എന്നിവരുടെ മണ്ഡലങ്ങളില്‍ യു.ഡി.എഫ് മുന്നേറിയപ്പോള്‍ ചേര്‍ത്തലയില്‍ പതിനേഴായിരത്തോളം വോട്ടിനാണ് ആരിഫ് മുന്നിട്ട് നിന്നത്. മന്ത്രി പി. തിലോത്തമന്‍ കഴിഞ്ഞ തവണ 7150 വോട്ടുകള്‍ക്ക് വിജയിച്ച ചേര്‍ത്തലയില്‍ ആരിഫിന്റെ ഭൂരിപക്ഷം 16,894 ആയി കുത്തനെ ഉയര്‍ന്നു. ചിട്ടയായ പ്രവര്‍ത്തനം നടത്തിയാല്‍ വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ആലപ്പുഴയിലെ അട്ടിമറി വിജയം ഇടതുപക്ഷത്തിന് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പില്‍ ചെങ്കൊടിക്ക് പ്രതീക്ഷ ഏറെയാണ്. അരൂര്‍ നില നിര്‍ത്തുക മറ്റ് അഞ്ചില്‍ പരമാവധി എണ്ണം പിടിച്ചെടുക്കുക എന്നതാണ് തന്ത്രം. ഇതിനായി സര്‍വ്വശക്തിയും എടുത്ത് രംഗത്തിറങ്ങാനാണ് തീരുമാനം.

Political Reporter

Top