ഇത് മുസ്ലീങ്ങള്‍ക്ക് എതിരായ ‘ഇരട്ട ആയുധം’; എന്‍ആര്‍സി പിന്‍മാറ്റം താല്‍ക്കാലികം മാത്രം?

ദേശീയ പൗരത്വ ബില്ലില്‍ സ്വന്തം പാര്‍ട്ടിയെ വിമര്‍ശിക്കുന്ന ജനതാദള്‍ യുണൈറ്റഡ് നേതാവ് പ്രശാന്ത് കിഷോര്‍ കേന്ദ്രത്തിന്റെ ദേശീയ പൗരത്വ രജിസ്റ്റര്‍ പിന്‍മാറ്റത്തെക്കുറിച്ച് തന്റെ നിലപാട് പങ്കുവെച്ച് രംഗത്ത്. എന്‍ആര്‍സി തങ്ങളുടെ അടിയന്തര അജണ്ടയില്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ തന്ത്രപരമായ ഈ പിന്‍മാറ്റം താല്‍ക്കാലികമാണെന്നും, പൂര്‍ണ്ണമായ പിന്‍മാറ്റമല്ലെന്നുമാണ് പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്.

ഇന്ത്യയുടെ മൂന്ന് മുസ്ലീം അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് അതിവേഗ പൗരത്വം അനുവദിക്കുന്ന പൗരത്വ നിയമത്തിന് എതിരായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍ നിന്ന് വിമര്‍ശന ശബ്ദം ഉയര്‍ത്തിയ ഏതാനും നേതാക്കളില്‍ ഒരാളാണ് പ്രശാന്ത് കിഷോര്‍.

പൗരത്വം പിടിച്ചെടുക്കാനല്ല പ്രദാനം ചെയ്യാനാണ് പൗരത്വ നിയമമെന്നാണ് ബിജെപി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്ററിനൊപ്പം നടപ്പാക്കിയാല്‍ ഇരട്ട ആയുധമായി മാറുമെന്നാണ് കിഷോറിന്റെ വാദം. പ്രതിപക്ഷ പാര്‍ട്ടികളും, നിരവധി സാമൂഹിക സംഘടനകളും ഉയര്‍ത്തിയ ആശങ്കയും സമാനമാണ്. നിയമങ്ങള്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ ദ്രോഹിക്കുന്ന തരത്തില്‍ ഉപയോഗിക്കപ്പെടുമെന്നാണ് ഇവരുടെ വാദം.

കഴിഞ്ഞ ഞായറാഴ്ചയാണ് പൗരത്വ നിയമത്തിന്റെ പേരില്‍ ആളുകളെ പ്രതിപക്ഷം ഇളക്കിവിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. എന്‍ആര്‍സി നടപ്പാക്കുന്ന കാര്യത്തില്‍ ക്യാബിനറ്റിലും, പാര്‍ലമെന്റിലും യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മോദി വ്യക്തമാക്കി.

Top