തബ്രീസ് അന്‍സാരി കൊലക്കേസ്: പൊലീസും ഡോക്ടര്‍മാരും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തി

റാഞ്ചി: തബ്രീസ് അന്‍സാരി കൊലക്കേസില്‍ പൊലീസും ഡോക്ടര്‍മാരും കൃത്യനിര്‍വഹണത്തില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സബ് ഡിവിഷണല്‍ ഓഫീസറുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിനും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

ഝാര്‍ഖണ്ഡില്‍ ഹിന്ദുത്വവാദികള്‍ മുസ്ലിം യുവാവായ തബ്രീസ് അന്‍സാരിയെ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടാണ് കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചത്. കഴിഞ്ഞ മാസം 21ന് രാത്രിയോടെ തബ്രീസിനെ ആക്രമണത്തിനിരയായത്. അപ്പോള്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്തിയത് രാവിലെയോടെ മാത്രമാണ്.

ആശുപത്രിയിലെത്തിച്ച ശേഷം ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി. തബ്രീസിനേറ്റ പരിക്ക് ഡോക്ടര്‍മാര്‍ ഗൗരവത്തിലെടുത്തില്ല. ക്രൂരമായി പരിക്കേറ്റിട്ടും പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഇതോടെയാണ് തബ്രീസിന് ജീവന്‍ നഷ്ടമായതെന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച സബ് ഡിവിഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസിനും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പിനും ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 27ന് വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടും മുന്‍പാണ് തബ്രീസിന് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Top