തബ്രിസ് അന്‍സാരിയുടെ മരണം; തലയോട്ടിക്കേറ്റ ഗുരുതര പരിക്കേറ്റെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട തബ്രിസ് അന്‍സാരിയുടെ മരണകാരണം ഹൃദയസ്തംഭനമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ ഹൃദയായാഘാതത്തിന് കാരണം തലയോട്ടിക്കേറ്റ ഗുരുതര പരിക്കാണെന്നാണ് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്.

തലയോട്ടിക്ക് പുറമെ, അന്‍സാരിയുടെ ശരീരത്തില്‍ നിരവധി പരിക്കേറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജംഷഡ്പുര്‍ എംജിഎം മെഡിക്കല്‍ കോളജിലെ അഞ്ച് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍ ഒപ്പിട്ട റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. തലയോട്ടിക്ക് ക്ഷതമേറ്റതും ഹൃദയത്തില്‍ രക്തം കട്ടപിടിച്ചതും മറ്റ് പരിക്കുകളുമാണ് ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കാഠിന്യമേറിയ വസ്തു കൊണ്ടാണ് അന്‍സാരിയുടെ തലയോട്ടിക്ക് ക്ഷതമേല്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തലയോട്ടിയില്‍ രക്തം കട്ടപിടിക്കുകയും തലച്ചോറില്‍ ബ്ലീഡിംഗ് ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

തലയോട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് സീനിയര്‍ ഡോക്ടര്‍ പറഞ്ഞു. ശരീരത്തിനേറ്റ മാരക പരിക്കുകളാകാം ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തബ്രിസ് അന്‍സാരി വിഷം കഴിച്ചെന്ന ആരോപണം സീനിയര്‍ ഡോക്ടര്‍ തള്ളി.

ജൂണ്‍ 18നാണ് 24കാനായ തബ്രിസ് അന്‍സാരി ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത്. ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പിടികൂടിയ സംഘം നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കേസില്‍ പൊലീസും ഡോക്ടര്‍മാരും അലംഭാവം കാട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Top